മണക്കാല : ശ്രമദാനത്തിലൂടെ കനാൽ എന്ന ആശയം സാക്ഷാത്കരിക്കപ്പെട്ട് ചരിത്രത്തിന്റെ ഭാഗമായ മണക്കാല ജനശക്തി നഗർ വിസ്മൃതിയിൽ. നഗറിന്റെ സംരക്ഷണം പൂർണമായി നടപ്പിലാക്കാനും സ്മാരകവും കുട്ടികളുടെ പാർക്കും പണിയാൻ പദ്ധതിയൊരുക്കാനും അധികൃതർ തയ്യാറായിട്ടില്ല. 1996 ൽ തുടങ്ങിയ കല്ലട ജലസേചന പദ്ധതി നാലാം പഞ്ചവത്സര പദ്ധതിയിൽ അവഗണിക്കപ്പെട്ടതോടെ ഫണ്ടില്ലാതാകുകയും തുടർന്ന് മണക്കാല ജനശക്തി മുതൽ നെല്ലിമുകൾ വരെയുള്ള ഭാഗത്ത് പൊതുജനങ്ങളുടെ ശ്രമദാനത്തിലൂടെ കനാൽ പണി പൂർത്തീകരിച്ചതാണ് ജനശക്തി നഗറിന്റെ ചരിത്രം. എന്നാൽ കാലമേറെയായിട്ടും ശ്രമദാനത്തെ ഓർമ്മപ്പെടുത്താൻ പ്രദേശത്ത് സ്മാരകം സ്ഥാപിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. കനാലിനോട് ചേർന്നു ആൽമരം തണൽ വിരിച്ചുനിൽക്കുന്ന ഭാഗത്ത് കുട്ടികളുടെ പാർക്ക് നിർമ്മിക്കാൻ ചിലർ താത്പര്യപ്പെട്ടുവന്നിട്ടും നടപടിയുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പ് കാലമായതിനാൽ വീണ്ടും ജനശക്തി നഗർ ചർച്ചയിൽ ഇടംപിടിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ റോഡ് കടന്നുപോകുന്നതും ഈ പ്രദേശത്ത് കൂടിയാണ്. അടുത്തകാലത്തായി തടി കച്ചവടക്കാരുടെ താവളമായിരിക്കുകയാണ് ഇവിടം. ലോറികൾ വന്നുപോകുന്നതിനാൽ ആൽച്ചുവട് ചെളിക്കുഴിയായി. പ്രദേശത്ത് കയ്യേറ്റത്തിന് ശ്രമം നടക്കുന്നതായും പരാതിയുണ്ട്.
ശ്രമദാനം എന്ന വലിയ മാതൃക
1976 ഡിസംബർ 27ന് അന്നത്തെ മുഖ്യമന്ത്രിയായ കെ.കരുണാകരൻ ആണ് കനാൽ നിർമ്മാണത്തിനുള്ള ശ്രമദാനം ഉദ്ഘാടനം ചെയ്തത്. രണ്ടു മാസം കൊണ്ട് മൂന്നര കിലോമീറ്റർ കനാൽ നിർമ്മിച്ചു. ശ്രമദാനത്തിന് ചുക്കാൻ പിടിച്ചവർ നൽകിയ പേരാണ് ജനശക്തി നഗർ എന്നത്. താത്കാലിക ആശുപത്രി, ബസ് സർവീസ് എന്നിവ ഉൾപ്പടെ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയായിരുന്നു ശ്രമദാനം. കോൺഗ്രസ് നേതാവായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ ആശയത്തിന് സി.പി.ഐയും ആർ.എസ്.പിയും പിന്തുണ നൽകിയതോടെ രണ്ടായിരം പേരുടെ പങ്കാളിത്വത്തിൽ കനാൽ യാഥാർത്ഥ്യമാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |