ചെങ്ങന്നൂർ: മണ്ഡലകാലം ആരംഭിക്കാൻ ഏതാനും മാസങ്ങൾ മാത്രമുള്ളപ്പോൾ തീർത്ഥാടകർക്കായി നിർമിക്കുന്ന ഇടത്താവളത്തിന്റെ പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണമെന്ന പ്രാർത്ഥനയിലാണ് ദേവസ്വം ബോർഡ് അധികൃതരും നാട്ടുകാരും. വരുന്ന മണ്ഡലകാലത്തിനു മുൻപ് ഇടത്താവളം തീർത്ഥാടകർക്കായി തുറന്നുനൽകുമെന്ന് ദേവസ്വം ബോർഡും ചെങ്ങന്നൂരിലെ എം.എൽ.എയായ മന്ത്രി സജി ചെറിയാനും നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പകുതിയിലധികം പണികൾ ബാക്കിയാണ്.
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപം കുന്നത്തുമലയിൽ 45 സെന്റ് സ്ഥലത്താണ് 10.48 കോടി രൂപ ചെലവിൽ മൂന്നുനില കെട്ടിടം നിർമിക്കുന്നത്. ഏകദേശം 40,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിൽ എത്തിച്ചേരുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് പ്രയോജനപ്പെടും. സീസൺ സമയത്ത് പ്രതിദിനം 15,000 മുതൽ 20,000 വരെ തീർത്ഥാടകർ ചെങ്ങന്നൂരിലെത്തുന്നുണ്ട്.
പദ്ധതി ചെലവ് : 10.48 കോടി രൂപ
ഇടത്താവളം മൂന്ന് നിലകളിൽ :
താഴത്തെ നിലയിൽ
25 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം.
ഒന്നാം നിലയിൽ
300 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം.
രണ്ടാം നിലയിൽ
350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപവും പാചകശാലയും.
നിർമാണത്തിലെ കാലതാമസം
2022ൽ ആരംഭിച്ച പദ്ധതി ഇഴയുകയാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വയറിംഗ്, പ്ലംബിംഗ്, ടൈൽസ് പണികൾ പൂർത്തിയായിട്ടില്ല. രണ്ടാംനില വാർക്കുന്നതിനുള്ള പണികൾ പുരോഗമിക്കുന്നു.
പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പദ്ധതി കരാറെടുത്തിരിക്കുന്നത്. ഇവർ ഉപകരാറുകൾ നൽകിയാണ് നിർമാണം നടത്തുന്നത്. നിർമാണം വേഗത്തിലാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സീസൺ തുടങ്ങുന്നതിനു മുൻപ് ഇടത്താവളം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
116 കോടി ചെലവിൽ ആറ് ഇടത്താവളങ്ങൾ
കിഫ്ബി ഫണ്ടിൽ നിന്ന് 116 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ ഉൾപ്പെടെ ആറ് ഇടത്താവളങ്ങളാണ് നിർമിക്കുന്നത്. കഴക്കൂട്ടം, എരുമേലി, നിലയ്ക്കൽ, ചിറക്കര, മണിയങ്കോട് എന്നിവിടങ്ങളാണ് മറ്റ് ഇടത്താവളങ്ങൾ.
10.48 കോടി രൂപ ചെലവിൽ മൂന്നുനിലകളിലായുള്ള ഇടത്താവളത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. വരുന്ന മണ്ഡലകാലത്ത് തന്നെ കെട്ടിടം തീർത്ഥാടകർക്കായി തുറന്ന് നൽകാൻ എത്രയും വേഗം പണികൾ പൂർത്തീകരിക്കാൻ നിർദേശം നൽകി.
സജി ചെറിയാൻ (എം.എൽ.എ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |