തലശ്ശേരി: ചമ്പാട് മാക്കുനി പ്രദേശത്ത് വെള്ളം കയറുന്നത് പൂർണ്ണമായും തടയാൻ വേലഞ്ചിറ സ്‌ക്വയറിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ജീവൻ വയ്ക്കുന്നു. ഇതിന്റെ ഭാഗമായി മാഹി എം.എൽ.എ രമേശ് പറമ്പത്തും പി.ഡബ്‌ള്യു.ഡി ഉദ്യോഗസ്ഥരും വേലഞ്ചിറ സന്ദർശിച്ചു. യു.ഡി.എഫ് കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് എം.എൽ.എ എത്തിയത്. കരിങ്കൽ ഭിത്തിയുടെ മുകളിൽ മൂന്നടിയോളം ഉയരത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കുമെന്ന് എം.എൽ.എ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.
പുതുച്ചേരിയെയും, കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വേലഞ്ചിറ. കനത്ത മഴയിൽ പുഴ കവിഞ്ഞൊഴുകി എന്നും വെള്ളം കയറുന്ന പ്രദേശമാണ് ഇവിടം. പുഴ മറിഞ്ഞ് വരുന്ന മലവെള്ളം വീടുകളിലേക്ക് ഇരച്ചെത്തുന്നതും നാശനഷ്ടങ്ങളുണ്ടാകുന്നതും എല്ലാ വർഷവും പതിവായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് പന്ന്യന്നൂർ പഞ്ചായത്ത് ഒന്നാം വാർഡ് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേലഞ്ചിറയുടെ ഒരു ഭാഗത്ത് കൂറ്റൻ തടയണ നിർമ്മിച്ച് കയർ ഭൂവസ്ത്രമണിയിക്കുകയായിരുന്നു. ഇതിനു ശേഷം ഈ കാലവർഷത്തിൽ ഈ പ്രദേശത്ത് വെള്ളക്കെട്ടുണ്ടായിരുന്നില്ല.
യു.ഡി.എഫ് നേതാക്കളായ പി.കെ ഹനീഫ, കെ.ശശിധരൻ, എൻ.ഉണ്ണി, ജാഫർ ചമ്പാട്, കെ.കെ.വത്സൻ, മുൻ മാഹി മുനിസിപ്പൽ കൗൺസിലർ മോഹനൻ, സാജൻ, റഫീഖ് പാറയിൽ, നിങ്കിലേരി മുസ്തഫ, ടി.പി പ്രേമനാഥൻ, എം.വി.വാസുദേവൻ, സരീഷ് കുമാർ മാക്കുനി, പി.പി റഫ്നാസ്, പി.വി സുലൈമാൻ, മഹറൂഫ് തവരക്കാട്ടിൽ, പി.കെ സമീർ എന്നിവർ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു. നിങ്കിലേരി മുസ്തഫ ചെയർമാനായും, സരീഷ് കുമാർ കൺവീനറുമായി 2024 നവംബറിൽ രൂപീകരിച്ച കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മൂന്നടിയോളം ഉയരത്തിൽ
ഭിത്തി കെട്ടും
വേലഞ്ചിറ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി യു.ഡി.എഫ് സംഘം രമേശ് പറമ്പത്ത് എം.എൽ.എയെ കണ്ട് നിവേദനം നൽകി. കാര്യത്തിന്റെ ഗൗരവം കണ്ട് മനസിലാക്കിയ എം.എൽ.എ പുതുച്ചേരി പി.ഡബ്ഡള്യു.ഡി അസി. എഞ്ചിനീയർ തുളസിങ്കത്തിനൊപ്പം പ്രദേശം സന്ദർശിക്കുകയായിരുന്നു. മാഹിയുടെ ഭാഗമായ കരിങ്കൽ ഭിത്തി നേരിട്ട് കണ്ട എം.എൽ.എ കരിങ്കൽ ഭിത്തിയുടെ മുകളിൽ മൂന്നടിയോളം ഉയരത്തിൽ ഭിത്തി കെട്ടി സംരക്ഷിക്കാം എന്ന് ഉറപ്പ് നൽകി.
ഒരു പ്രദേശത്തിന്റെയാകെ പ്രശ്നം പരിഹരിക്കാൻ ജനകീയ പങ്കാളിത്തതോടെയാണ് യു.ഡി.എഫ് തടയിണ നിർമ്മിച്ചത്. പുതുച്ചേരിയുടെ ഭാഗത്ത് കരിങ്കൽ ഭിത്തി ഉയരുക കൂടി ചെയ്യുന്നതോടെ വെള്ളം കയറുന്ന പ്രശ്നം പൂർണമായും ഇല്ലാതാകും.
യു.ഡി.എഫ് നേതാക്കളായ കെ.ശശിധരനും പി.കെ ഹനീഫയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |