പുതിയതെരു: 18 കോടി രൂപ അനുവദിച്ച പാപ്പിനിശ്ശേരി- പിലാത്തറ കെ.എസ്.ടി.പി റോഡിന്റെ പ്രവൃത്തി മഴ മാറിയാലുടൻ ആരംഭിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43 കോടി രൂപ അനുവദിച്ച നാറാത്ത് പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലത്തിന്റെ മറ്റു സാങ്കേതിക നടപടികൾ പൂർത്തിയായി. ഇരുവശത്തേക്കുമുള്ള അപ്രോച്ച് റോഡിന്റെ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂ ഉടമകളുടെ യോഗം ഗ്രാമ പഞ്ചായത്തിൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. അഴീക്കോട് മണ്ഡലത്തിലെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ നടപടികൾ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും കെ.വി സുമേഷ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന അഴീക്കോട് മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ പ്രവൃത്തികളുടെ അവലോകന യോഗത്തിൽ വിലയിരുത്തി.
ബഡ്ജറ്റിൽ എം.എൽ.എയുടെ പ്രൊപ്പോസലിനെ തുടർന്ന് 50 ലക്ഷം രൂപ വീതം അനുവദിച്ച കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ് സ്റ്റോപ്പ് കല്ലുകെട്ടുച്ചിറ റോഡ്, കണ്ണൂർ കോർപ്പറേഷൻ തളാപ്പ് ചുങ്കം സ്പിന്നിംഗ്മിൽ റോഡ്, കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ് സ്റ്റോപ്പ് ശാദുലിപള്ളി റോഡ്, അഴീക്കോട് വൻകുളത്ത് വയൽ പാലോട്ട് വയൽ റോഡ്, പാപ്പിനിശ്ശേരി പഞ്ചായത്ത് കല്ലൂരികടവ് റോഡ്, പാപ്പിനിശ്ശേരി കരിക്കൻകുളം ഇല്ലിപ്പുറം റോഡ്, നാറാത്ത് ആലിങ്കിൽ കോട്ടഞ്ചേരി ഇടക്കൈതോട് റോഡ്, അഴീക്കോട് ചാൽ ബീച്ച് അഴീക്കൽ ലൈറ്റ് ഹൗസ് റോഡ്, അഴീക്കോട് അരയാക്കണ്ടിപാറ പച്ചക്കുന്ന് കണിശൻമുക്ക് റോഡ്, ചിറക്കൽ ഹരിജൻ കോളനി നരിക്കുണ്ട് വയൽ ഉൾപ്പെടെയുള്ള 10 റോസുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. മഴ മാറിയാലുടൻ പ്രവർത്തി ആരംഭിക്കണമെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തോട് ആവശ്യപ്പെട്ടു.
നവ കേരള സദസ്സ് നിർദേശത്തിൽ 5.75 കോടി രൂപ അനുവദിച്ച പടന്നപ്പാലം അലവിൽ മന്ന റോഡ് ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചു. യോഗത്തിൽ പി.ഡബ്ള്യു.ഡി റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം ഹരീഷ്, റോഡ്സ് മെയിന്റനൻസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബുജാൻ ടി.കെ, പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത്.എം, അസിസ്റ്റന്റ് എൻജിനീയർമാരായ അദ്വൈത്, മിഥുൻ ഐ.കെ, രജിത.എൻ.വി, സിന്ധു.എ.ടി.കെ, ശശി.പി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |