തിരുവനന്തപുരം : അനധികൃതമായി അവധിയിൽ തുടരുന്ന ആരോഗ്യ വകുപ്പിലെ 601 ഡോക്ടർമാർക്കെതിരെ നടപടി തുടങ്ങി. പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്കെതിരേയും ഡിക്ലയർ ചെയ്ത 157 പേർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഈ പട്ടികയിൽ നിന്ന് പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 81 ഡോക്ടർമാരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത മൂന്ന് ഡോക്ടർമാരേയും ഉൾപ്പെടെ 84 ഡോക്ടർമാരെയും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പിരിച്ചു വിട്ടു. ബാക്കിയുള്ളവർക്കെതിരേയുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടിരുന്നു. ആശുപത്രികളിൽ മതിയായ ഡോക്ടർമാരില്ലാത്ത സാഹചര്യമാണ്. ഇത്തരത്തിലുള്ളവർ സർവീസിൽ തുടർന്നാൽ പുതിയ ലിസ്റ്റിൽ നിന്ന് ആളെ നിയമിക്കാൻ കഴിയില്ല. മാത്രമല്ല റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്കും അവസരം നഷട്മാകും.
സർക്കാർ ജീവനക്കാർക്ക് അഞ്ചു വർഷത്തെ അവധിയാണ് സർവീസ് കാലയളവിലുളളത്. ഈ കാലയളവിൽ സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്ക് പോകുന്ന ഡോക്ടർമാർ അവധി കഴിഞ്ഞാലും മടങ്ങിയെത്തുന്നില്ല. പലവട്ടം നോട്ടീസ് അയക്കുകയും ജോലിയിൽ ഹാജരാകാൻ അവസരം നൽകുകയും ചെയ്തെങ്കിലും മടങ്ങിവരാത്തവരെയാണ് ഘട്ടം ഘട്ടമായി പിരിച്ചു വിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |