കൊല്ലം: പാതിപൂർത്തിയാക്കിയ വീട്ടിലേക്കാണ് ശനിയാഴ്ച രാവിലെ സോണിയയുടെ ചേതനയറ്റ ശരീരമെത്തിക്കുക. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഷാൻ പെടാപ്പാടുപെടുമ്പോഴാണ് ഒരുവർഷം മുമ്പ് സോണിയ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി പോയിത്തുടങ്ങിയത്. അതോടെ സ്വന്തം വീടെന്ന സ്വപ്നത്തിന് ചിറക് മുളച്ചു. വീടുപണി ഏറെക്കുറെ പൂർത്തിയായി വരുമ്പോഴാണ് അപ്രതീക്ഷിത വേർപാട്. എ.ഐ.ടി.യു.സി ചുമട്ടുതൊഴിലാളി യൂണിയൻ കൺവീനറായ ഷാൻ തട്ടിന്റെ പണിക്കും ഓട്ടോ ഓടിക്കാനുമൊക്കെ പോകാറുണ്ട്. ഇന്നലെ രാവിലെ സോണിയയെ ബൈക്കിൽ പനവേലി ജംഗ്ഷനിൽ കൊണ്ടുവിട്ടിട്ടാണ് ഷാൻ മടങ്ങിയത്. മിനിട്ടുകളുടെ വ്യത്യാസത്തിൽ പ്രാണസഖിയുടെ ജീവൻ റോഡിൽ പിടഞ്ഞുവീണു. രണ്ട് മക്കളെയും ചേർത്തുപിടിച്ച് ഷാൻ വിതുമ്പുന്നത് കണ്ടുനിന്നവരുടെയും കണ്ണുകൾ നനയിച്ചു.
വിജയന് വീണ്ടും ദുരിതം
പനവേലി പ്ളാവിള വീട്ടിൽ വിജയൻ രണ്ടുവർഷം മുമ്പുണ്ടായ അപകടത്തിന്റെ പരിക്കുകളിൽ നിന്ന് ഇപ്പോഴും മോചിതനായിരുന്നില്ല. ഒരുകാലിൽ കമ്പി ഇട്ടിരിക്കുകയാണ്. ഇലക്ട്രിക് ഓട്ടോയുമായി സ്റ്റാൻഡിൽ എത്തിയിട്ട് അധികനാളായിട്ടില്ല. ഇന്നലെ രാവിലെ ഓട്ടോയുമായി സ്റ്റാൻഡിലെത്തി ഓട്ടം കാത്തുകിടക്കുമ്പോഴാണ് മിനി ലോറി പാഞ്ഞെത്തി ഇടിച്ചത്. തെറിച്ചുവീണ വിജയന്റെ രണ്ട് കാലുകൾക്ക് ഒടിവേറ്റു. നട്ടെല്ലിനും തലയ്ക്കും ക്ഷതമുണ്ട്. അപകടനില തരണം ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |