ടെൽ അവീവ്: ഗാസയെ പൂർണമായും പിടിച്ചെടുത്ത് ഇസ്രയേലിനോട് കൂട്ടിച്ചേർക്കില്ലെന്നും എന്നാൽ സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയ്ക്കുള്ളിൽ ഒരു പുതിയ സുരക്ഷാ മേഖല സ്ഥാപിക്കുമെന്നും നെതന്യാഹു ഇന്ത്യൻ മാദ്ധ്യമത്തോട് പ്രതികരിച്ചു.
ഗാസയെ പിടിച്ചെടുത്ത് ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയിലാണ് നെതന്യാഹുവിന്റെ വിശദീകരണം.
'ഇസ്രയേലിന്റെ ലക്ഷ്യം ഹമാസിനെ ഇല്ലാതാക്കുകയാണ്. ബന്ദികളെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങളിലാണ്. കാര്യമായ സൈനിക നീക്കം ഇസ്രയേൽ പദ്ധതിയിടുന്നു. ഗാസയുടെ ചുമതല ക്രമേണ ഒരു ഭരണസമിതിയ്ക്ക് കൈമാറും. ഭാവിയിൽ ഇസ്രയേലിനെതിരെയുള്ള ആക്രമണങ്ങൾ തടയാൻ ഗാസയിൽ ഒരു സുരക്ഷാ വലയം സ്ഥാപിക്കും" - നെതന്യാഹു പറഞ്ഞു.
ഹമാസ് കീഴടങ്ങി, ആയുധം താഴെ വയ്ക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താൽ യുദ്ധം നാളെ അവസാനിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
അതേ സമയം, ഗാസയിലെ സൈനിക നടപടി വിപുലീകരിക്കാനുള്ള പദ്ധതിക്ക് ഇസ്രയേലി സുരക്ഷാ ക്യാബിനറ്റ് ഉടൻ അംഗീകാരം നൽകും. നിലവിൽ ഗാസയുടെ മുക്കാൽ ഭാഗവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
അതേ സമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 61,250 കടന്നു. പട്ടിണി മൂലം മരിച്ചവർ 197 ആയി.
ഇന്ത്യ ഇസ്രയേൽ ആയുധങ്ങൾ പ്രയോഗിച്ചു
ഇന്ത്യയ്ക്ക് ഇസ്രയേൽ നൽകിയ ആയുധങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചെന്ന് നെതന്യാഹു പറഞ്ഞു. ഇന്ത്യയും യു.എസും മികച്ച സുഹൃത്തുക്കളാണെന്നും നിലവിലെ അഭിപ്രായ വ്യത്യാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അവർക്ക് കഴിയുമെന്നും ട്രംപിന്റെ തീരുവ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |