11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും
കണ്ണൂർ: ജില്ലയിലെ പൊതുജനാരോഗ്യ രംഗത്ത് പുതിയ ചുവടുവെപ്പായി കണ്ണൂർ ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി.കിഫ്ബി ഫണ്ട് ഉപയോഗിച്ച് 61.72 കോടി രൂപ ചെലവിൽ നിർമ്മിച്ച അഞ്ച് നിലകളുള്ള ഈ അത്യാധുനിക കെട്ടിടം സിവിൽ ജോലികൾക്ക് 39.8 കോടിയും ഇലക്ട്രിക്കൽ ജോലികൾക്ക് 21.9 കോടി രൂപയും ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.
ഓരോ നിലയ്ക്കും 1254 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഈ കെട്ടിടത്തിൽ കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി ഒ.പികൾ പ്രവർത്തിക്കും. മൂന്ന് അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ, പോസ്റ്റ് ഓപറേറ്റീവ് വാർഡ്, മെഡിക്കൽ ഐ.സി.യുകൾ, സർജിക്കൽ ഐ.സി.യുകൾ, ഡയാലിസിസ് യൂണിറ്റ്, 23 എക്സിക്യൂട്ടീവ് പേ വാർഡുകൾ എന്നിവയെല്ലാം പ്രവർത്തന സജ്ജമാണ്.
കെട്ടിടത്തിന്റെ നിർമ്മാണത്തോടൊപ്പം സൈറ്റ് വികസന പ്രവർത്തനങ്ങളും നടന്നു. മലിനജല സംസ്‌കരണ പ്ലാന്റ്, എസ്.ടി.പിയുമായി ബന്ധിപ്പിച്ച പുതിയ ഡ്രെയിനേജ് സിസ്റ്റം, 130000 ലിറ്ററിന്റെ ഓവർഹെഡ് ടാങ്ക്, ഒൻപത് ലക്ഷം ലിറ്ററിന്റെ ഭൂഗർഭ സംപ്, ജീവനക്കാർക്കുള്ള പാർക്കിംഗ് സൗകര്യം, ഇന്റർലോക്ക് പാകിയ റോഡുകൾ, സ്‌ട്രെച്ചർ പാതകൾ, കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് പൈപ്പിംഗ് സിസ്റ്റം എന്നിവയെല്ലാം പൂർത്തിയാക്കി.
ഓരോ നിലകളിൽ
ഗ്രൗണ്ട് ഫ്ളോർ: സ്വീകരണ സ്ഥലം, വാഹന പാർക്കിംഗ്, 110 കെ.വി സബ്‌സ്റ്റേഷൻ
ഒന്നാം നില: 150 പേരെ ഉൾക്കൊള്ളാനാവുന്ന കാത്തിരിപ്പ് ലോഞ്ചോടുകൂടിയ ഒൻപത് ഒ.പി കൺസൾട്ടേഷൻ റൂമുകൾ, യു.പി.എസ് റൂം, ഫാർമസി, ടോയ്ലറ്റുകൾ
രണ്ടാം നില: മൂന്ന് മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, ഒ.ടി. സ്റ്റോർ, നഴ്സിംഗ് സ്റ്റേഷൻ, ഡോക്ടറുടെ മുറി, പ്രീഅനസ്‌തേഷ്യ റൂം, മെഡിക്കൽസർജിക്കൽ ഐ.സി.യുകൾ
മൂന്നാം നില: 30 കിടക്കകൾ വീതമുള്ള ജനറൽ വാർഡ്, 22 മെഷീനുകളോടുകൂടിയ ഡയാലിസിസ് യൂണിറ്റ്, പോസ്റ്റ് ഡയാലിസിസ് റൂം, അഞ്ച് പേ വാർഡുകൾ, പെരിറ്റോണിയൽ ഡയാലിസിസ് റൂം
നാലാം നില: 30 കിടക്കകളുള്ള ജനറൽ വാർഡ്, നഴ്സിംഗ് സ്റ്റേഷൻ, ടോയ്ലറ്റുകൾ
വികസന വിപ്ളവം ആർദ്രം മിഷൻ വഴി
ആർദ്രം' മിഷനിൽ ഉൾപ്പെടുത്തിയാണ് കണ്ണൂർ ജില്ലാ ആശുപത്രി വികസനത്തിന്റെ ഒന്നാം ഘട്ടത്തിൽ ഈ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ഉൾപ്പെടുത്തിയത്. പ്രതിദിനം മൂവായിരത്തിലേറെ രോഗികൾ ജില്ലാ ആശുപത്രിയിലെ 16 ഒ.പികളിലായി എത്തുന്ന സാഹചര്യത്തിൽ ഈ പുതിയ സൗകര്യം അത്യന്താപേക്ഷിതമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |