തൃശൂർ: ഡെപ്യുട്ടി മേയർക്ക് പിന്നാലെ മേയർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സി.പി.എം, ജനതാദൾ അംഗങ്ങളും. മേയറെ സംരക്ഷിക്കുമെന്ന വിചിത്ര പ്രസ്താവനയുമായി കോൺഗ്രസ്. ഇതിനിടെ തന്നോട് ഇരിക്കാൻ പറഞ്ഞ വർഗീസ് കണ്ടംകുളത്തിക്കെതിരെ ഭരണകക്ഷി അംഗം തിരിഞ്ഞതോടെ ഭരണപക്ഷത്തെ പടലപ്പിണക്കത്തിനുള്ള വേദികൂടിയായി ഇന്നലെ ചേർന്ന കൗൺസിൽ യോഗം.
അങ്കണവാടിക്ക് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ മുകേഷ് കൂളപ്പറമ്പിലാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. കുട്ടികൾ കുറഞ്ഞതിനാൽ അങ്കണവാടികൾക്ക് സ്ഥലം വാങ്ങേണ്ടെന്ന വിചിത്രവാദമാണ് ഉന്നയിച്ചത്. എന്നാൽ, തനിക്ക് സ്ഥലം വാങ്ങാൻ അനുമതി കിട്ടിയെന്ന് കോൺഗ്രസ് അംഗം ലാലി ജയിംസിന്റെ മറുപടിയാണ് ഭരണപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. ചിലർ പിൻവാതിലിലൂടെ കാര്യങ്ങൾ നടത്തുന്നുവെന്ന വിമർശനം ആദ്യമുയർത്തിയത് സി.പി.എമ്മിലെ അഡ്വ. അനീസാണ്. കൗൺസിലിന്റെ മിനിട്ട്സോ കാര്യങ്ങളോ എല്ലാ കൗൺസിലർമാരും അറിയുന്നില്ലെന്ന് ഭരണപക്ഷ അംഗം തുറന്നടിച്ചു.
ഒരു വർഷം മുമ്പ് വന്ന സർക്കാർ നിർദ്ദേശം ഒമ്പത് മാസത്തിനുശേഷമാണ് കൗൺസിലിൽ വന്നതെന്നത് പറയുന്നത് വലിയ വീഴ്ച്ചയാണെന്ന് അനീസ് പറഞ്ഞു. കെെയൂക്കുള്ളവർ കാര്യക്കാർ എന്ന നിലപാട് ശരിയല്ല. ഇതേ ചുവടുപിടിച്ച് ഭരണപക്ഷത്തെ ഷീബ ബാബുവും രംഗത്തുവന്നത്തോടെ ഭരണപക്ഷത്തെ ശീതസമരങ്ങൾ മറനീക്കി പുറത്തുവന്നു.
നിരവധി പദ്ധതികൾ സമർപ്പിച്ചിട്ടും തനിക്ക് അതിന്റെ ടെൻഡർ നടപടികളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ലെന്നും ഷീബ ബാബു തുറന്നടിച്ചു. ഇതോടെ വിഷയത്തിൽ ഇടപ്പെട്ട രാജൻ പല്ലൻ കൗൺസിൽ യോഗത്തിൽ മേയറെ കടന്നാക്രമിച്ചാൽ തങ്ങൾ സംരക്ഷിക്കുമെന്ന് അറിയിച്ചു. ഇതോടെ അനൂപ് ഡേവിസ് കാട രംഗത്തെത്തി. അഞ്ചു വർഷം പൂർത്തിയാക്കി മാത്രമെ മേയർ പടിയിറങ്ങൂവെന്നും കാട തിരിച്ചടിച്ചു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ കൗൺസിലിനകത്തും പുറത്തും മേയർക്കെതിരെ വിമർശനം ഉയർത്തിയ ഡെപ്യൂട്ടി മേയർ ഇന്നലെ കൗൺസിലിൽ മൗനത്തിലായിരുന്നുവെന്നതും ശ്രദ്ധേയമായി. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട അജൻഡയിലും ഭരണപക്ഷത്ത് നിന്ന് വിമർശനം ഉയർന്നു.
വർഗീസ് കണ്ടംകുളത്തിക്കെതിരെ വിമർശനം
അജൻഡയിൽ സംസാരിച്ചുകൊണ്ടിരിക്കെ സി.പി.എം അംഗം രാഹുൽനാഥിനോട് ഇരിക്കാൻ ആവശ്യപ്പെട്ട വർഗീസ് കണ്ടംകുളത്തിയോട് തട്ടികയറിയതും കൗൺസിലിനെ അമ്പരിപ്പിച്ചു. നേതാക്കൻമാർക്ക് മാത്രമല്ല, എല്ലാ കൗൺസിലർമാർക്കും സംസാരിക്കാൻ അവകാശമുണ്ടെന്നും രാഹുൽനാഥ് വർഗീസ് കണ്ടംകുളത്തിയോട് പറഞ്ഞു.
മേൽക്കൂര തകർന്ന സംഭവത്തിൽ വിജിലൻസ്
കോർപറേഷൻ ഓഫീസിന് മുന്നിലെ കെട്ടിടത്തിലെ ട്രസ് തകർന്നു വീണ സംഭവത്തെ കുറിച്ചുള്ള ചർച്ച മൂന്നാമതും മാറ്റിവയ്ക്കാൻ ശ്രമിച്ചത് ഒച്ചപ്പാടിന് ഇടയാക്കി. ഇത് ഭരണപക്ഷത്തിന്റെ ഒളിച്ചുകളിയാണെന്ന് ജോൺ ഡാനിയൽ ആരോപിച്ചു. ഈ നിലപാട് മറ്റ് കൗൺസിലർമാരും ആരോപിച്ചതോടെ വിശദമായ അന്വേഷണം നടത്താൻ വിജിലൻസിന് വിടാൻ തീരുമാനിക്കുന്നതായി മേയർ എം.കെ.വർഗീസ് അറിയിച്ചു. ചർച്ചയിൽ രാജൻ പല്ലൻ, ജോൺ ഡാനിയൽ, വിനോദ് പൊള്ളാഞ്ചേരി, പൂർണിമ സുരേഷ്, വർഗീസ് കണ്ടംകുളത്തി, കെ.രാമനാഥൻ, ഇ.വി.സുനിൽ രാജ്, കെ.സതീഷ് ചന്ദ്രൻ, കെ.സുകുമാരൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |