കോഴിക്കോട്: ചെങ്കോട്ടയിൽ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. ശാരുതി പങ്കെടുക്കും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികയുടെ ഭാഗമായി കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ആദ്യമായി പ്രസിദ്ധീകരിച്ച റാങ്കിംഗിൽ എ ഗ്രേഡ് നേടി. പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സിൽ മികച്ച ഭരണം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഒന്നാമതുമെത്തി. ഇവയാണ് ഒളവണ്ണയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്.
കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്താണിത്. ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവുമധികം ഹൗസ് കണക്ഷൻ നൽകിയ പഞ്ചായത്താണ്. സ്ത്രീ -ബാല സുരക്ഷ ഉറപ്പാക്കിയതിന് സംസ്ഥാന ജാഗ്രതാ സമിതി പുരസ്കാരവും നേടി. ലൈഫ് മിഷൻ- പി.എം.എ.വൈ പദ്ധതി നടത്തിപ്പിൽ ജില്ലയിൽ ഒന്നാം സ്ഥാനം, ശുചിത്വ മിഷൻ അവാർഡുകൾ, സംസ്ഥാനത്തെ മികച്ച അങ്കണവാടിയ്ക്കുള്ള പുരസ്‌കാരം, സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് തുടങ്ങിയ നേട്ടങ്ങളുമുണ്ടാക്കി. കേരളത്തിൽ നിന്ന് ആറ് പഞ്ചായത്തുകൾക്ക് മാത്രമാണ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സൂചികയുടെ ഭാഗമായുള്ള റാങ്കിംഗിൽ എ ഗ്രേഡ് നേടാൻ സാധിച്ചത്.
22ാം വയസിലാണ് കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തായ ഒളവണ്ണയുടെ പ്രസിഡന്റായി ശാരുതി ചുമതലയേൽക്കുന്നത്. കേന്ദ്ര സംസ്ഥാന പദ്ധതികളും അവയുടെ ചുവടുപിടിച്ച് നൂതന ആശയങ്ങളിലൂടെയുള്ള ഒട്ടനവധി പുതിയ പദ്ധതികളും നടപ്പാക്കാൻ ശാരുതിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതിയ്ക്ക് സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |