കണ്ണൂർ : രാജ്യസഭ എം.പിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.സദാനന്ദനെ വധിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളെ സന്ദർശിച്ച് പി.ജയരാജൻ. ഇന്നലെ വൈകീട്ട് 3ന് ഗൺമാനോടൊപ്പം ജയിലിൽ എത്തിയ ജയരാജൻ അരമണിക്കൂറോളം പ്രതികളുമായി സംസാരിച്ചു. ജയിൽ ഉപദേശക സമിതി അംഗം കൂടിയായ ജയരാജൻ പ്രതികളെ ജയിലിൽപോയി കാണുമെന്ന് നേരത്തെ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.കഴിഞ്ഞ 4നാണ് തലശ്ശേരി കോടതിയിൽ ഹാജരായ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.അന്ന് അസൗകര്യമായതിനാൽ ഇന്നാണ് അവരെ കാണാൻ പറ്റിയത്തെന്നും ജയരാജൻ പറഞ്ഞു.എല്ലാവരേയും നേരിട്ട് കണ്ടു. അവർക്ക് എല്ലാവിധ ആശംസയും അർപ്പിച്ചു.ചിലർ അസുഖം ബാധിച്ചവരും പ്രായമായ ആളുകളുമാണ്. അവർക്ക് ആവശ്യമായ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്.ഇനി വീടുകളിൽ കയറി അവരുടെ ബന്ധുക്കളെ കാണും.പ്രായമായ അമ്മമാർ ഉൾപ്പെടെ അവർക്കുണ്ട്.അവരെ കണ്ട് ആശ്വസിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.പ്രതികളെ സന്ദർശിക്കുന്നതിൽ ആർ.എസ്.എസ് വലിയ പ്രതിഷേധം ഉയർത്തിയതിൽ ആർ.എസ്.എസിന്റെ സർട്ടിഫിക്കറ്റൊന്നും സി.പി.എമ്മിന് ആവശ്യമില്ലെന്നായിരുന്നു ജയരാജന്റെ മറുപടി .ആർ.എസ്.എസ് ഫാസിസ്റ്റ് സ്വഭാവമുള്ള ശക്തിയാണ്. അതിനാൽ സ്വാഭാവികമായും അവർ സി.പി.എമ്മിനെ എതിർക്കും. അത് സി.പി.എമ്മിന് ലഭിക്കുന്ന വലിയ അംഗീകാരമാണെന്നു ജയരാജൻ പറയുന്നു.നേരത്തെ പ്രതികൾക്ക് നൽകിയ യാത്രയയപ്പിൽ കെ.കെ.ശൈലജ എം.എൽ.എ പങ്കെടുത്തത് വിവാദമായപ്പോൾ പി.ജയരാജൻ പിന്തുണയുമായി എത്തിയിരുന്നു.സി.പി.എം നേതാവിനെ ആക്രമിച്ചയാളാണ് സദാനന്ദൻ, അതിന്റെ പ്രതികരണമാണ് ആക്രമണം. ശൈലജ പ്രതികളെ കണ്ടതിൽ തെറ്റില്ലെന്നും താൻ പ്രതികളെ ജയിലിൽ പോയി കാണുമെന്നും ജയരാജൻ നേരത്തെ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |