മലപ്പുറം: തിരുനാവായയിലെ റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പി കണ്ടെത്തി. പാസഞ്ചർ ട്രെയിൻ വരുന്ന സമയത്താണ് കമ്പി കണ്ടെത്തിയത്. സംഭവത്തിൽ ആന്ധ്രപ്രദേശ് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിൻ അട്ടിമറിക്കാൻ നടത്തിയ ശ്രമമാണോയെന്ന് പൊലീസ് അന്വേഷിക്കും. പിടിയിലായ ആളെ കൂടുതൽ ചോദ്യം ചെയ്തതുവരികയാണ്.
അതേസമയം, ട്രാക്കിൽ പോസ്റ്റും മരവും കല്ലും കോൺക്രീറ്റ് പാളികളുമൊക്കെയിട്ട് സംസ്ഥാനത്ത് ട്രെയിൻ അട്ടിമറിക്കാൻ കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായത് നൂറോളം ശ്രമങ്ങളാണ്. ലക്ഷക്കണക്കിന് യാത്രക്കാരുടെ സുരക്ഷയെ വെല്ലുവിളിച്ചാണ് ഈ തീക്കളി. സാമൂഹ്യ വിരുദ്ധരും മദ്യപരുമാണ് പിന്നിലെന്ന് എഴുതിത്തള്ളുന്ന പൊലീസും റെയിൽവേയും സംഘടിതമായ ആസൂത്രണമുണ്ടോയെന്ന് കണ്ടെത്തുന്നില്ല.
അട്ടിമറിശ്രമങ്ങളിൽ തീവ്രവാദ ബന്ധവും സംശയിക്കുന്നതിനാൽ എൻ.ഐ.എയടക്കം അന്വേഷണത്തിനുണ്ട്. വിജനമായ സ്ഥലങ്ങളായതിനാൽ സി.സി ടിവി ദൃശ്യങ്ങളടക്കം കിട്ടാത്തതാണ് അന്വേഷണത്തിന് പ്രധാന വെല്ലുവിളി. ട്രാക്കുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അട്ടിമറിശ്രമക്കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് റെയിൽവേ ബോധവത്കരണവും നടത്തുന്നുണ്ട്.
ട്രെയിൻ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നാണ് കേന്ദ്രനിലപാട്. കേസെടുക്കൽ,അന്വേഷണം,ട്രെയിനിലെ സുരക്ഷ എന്നിവ പൊലീസിനാണ്. റെയിൽവേ സ്വത്തുക്കളുടെയും വസ്തുവകകളുടെയും സംരക്ഷണം ആർ.പി.എഫിനും.
ഇരുപതു വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്. വിമാനം, കപ്പൽ, റെയിൽ അടക്കം യാത്രാസംവിധാനങ്ങൾ തകർക്കുന്നതിനുള്ള ബി.എൻ.എസ് 327(1), ട്രെയിൻഅട്ടിമറിക്കുള്ള ബി.എൻ.എസ് 150(1എ), റെയിൽവേ നിയമത്തിലെ 153അടക്കം ജാമ്യമില്ലാവകുപ്പുകൾ ചുമത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |