ന്യൂഡല്‍ഹി: യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനക്കമ്പനിക്ക് പിഴ ചുമത്തി ഉപഭോക്തൃ ഫോറം. സേവനത്തിലെ പോരായ്മയ്ക്കും യാത്രക്കാരി അനുഭവിച്ച മാനസിക വിഷമം പരിഗണിച്ചും ആണ് ഡല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പിഴ ചുമത്തിയത്. വൃത്തിഹീനവും കറ പുരണ്ടതുമായ സീറ്റ് നല്‍കിയെന്ന യാത്രക്കാരിയുടെ പരാതിയില്‍ ഒന്നര ലക്ഷം രൂപ പിഴയും 25,000 രൂപ കോടതി ചെലവും നല്‍കാന്‍ ആണ് ഫോറത്തിന്റെ വിധി.
2025 ജനുവരി രണ്ടിന് ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ന്യൂഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഇന്‍ഡിഗോയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പിങ്കി എന്ന യാത്രക്കാരിക്ക് വൃത്തിഹീനവും കറ പുരണ്ടതുമായ സീറ്റ് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. വിമാനത്തില്‍വച്ച് താന്‍ ഉന്നയിച്ച പരാതി എയര്‍ലൈന്‍ അധികൃതര്‍ കാര്യമായി ഗൗനിച്ചില്ലെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. എന്നാല്‍ അത് ശരിയല്ലെന്നും പരാതി പറഞ്ഞ ആള്‍ക്ക് മറ്റൊരു സീറ്റ് നല്‍കിയെന്നും അതിലാണ് അവര്‍ യാത്ര ചെയ്തതെന്നും വിമാനക്കമ്പനി ഫോറത്തിന് മുന്നില്‍ വാദിച്ചു.
ഇന്‍ഡിഗോയുടെ വാദം പക്ഷേ അധികൃതര്‍ കണക്കിലെടുത്തില്ല. സേവനത്തിലെ പോരായ്മക്ക് കുറ്റക്കാരനാണെന്ന് ഉത്തരവില്‍ ഫോറം തങ്ങളുടെ മുന്നിലുള്ള തെളിവുകള്‍ നിരത്തിക്കൊണ്ട് പറഞ്ഞു. പരാതിക്കാരി അനുഭവിച്ച അസ്വസ്ഥതയും മാനസിക വേദനയും സംബന്ധിച്ച് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതനുസരിച്ച്, നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപ നല്‍കാന്‍ എതിര്‍ കക്ഷിയോട് ഞങ്ങള്‍ നിര്‍ദേശിക്കുന്നു'വെന്ന് ഫോറം കൂട്ടിച്ചേര്‍ത്തു. കേസിന് ചെലവായ 25,000 രൂപ നല്‍കാനും ഫോറം ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |