ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം (2026-27) മുതൽ ഒൻപതാം ക്ലാസിൽ ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കാൻ സി.ബി.എസ്.ഇ തീരുമാനം. ഭാഷാപഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളിലാണിത്. ജൂൺ 25ന് ചേർന്ന സി.ബി.എസ്.ഇ ഭരണസമിതി ഇത് അംഗീകരിച്ചിരുന്നു. ഫലപ്രദമായാൽ തുടർവർഷങ്ങളിൽ പന്ത്രണ്ടാം ക്ളാസുവരെ നടപ്പാക്കാനാണ് നീക്കം.
ഓപ്പൺബുക്ക് പരീക്ഷയ്‌ക്കായി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, ക്ലാസ് നോട്ടുകൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ റഫറൻസിനായി പരീക്ഷാഹാളിൽ കൊണ്ടുപോകാം. ചോദ്യങ്ങൾക്ക് ഇവയിൽ നിന്നുള്ള വിവരം നോക്കി അപഗ്രഥിച്ച് ഉത്തരമെഴുതാം. സൂത്രവാക്യങ്ങളടക്കം ഓർത്തെടുത്ത് എഴുതാവുന്ന പരമ്പരാഗത രീതിയിലാകില്ല ചോദ്യങ്ങൾ.
ഓർമ്മശക്തി അളക്കുന്നതിന് പകരം വിമർശനാത്മക ചിന്ത വളർത്തുക, ആശയങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഉപയോഗിക്കുന്നതിനുള്ള കഴിവുണ്ടാക്കുക, പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്കുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും 2023ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലും ഇതിനുള്ള നിർദ്ദേശമുണ്ട്.
2023ൽ ഒമ്പത് മുതൽ 12-ാം ക്ലാസുവരെ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ നടത്തിയിരുന്നു. 9, 10 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം വിഷയങ്ങളിലും 11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ജീവശാസ്ത്രം വിഷയങ്ങളിലുമായിരുന്നു ഇത്. വിദ്യാർത്ഥികളുടെ പ്രകടനം, പരീക്ഷ എഴുതാനെടുത്ത സമയം, അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അഭിപ്രായങ്ങൾ എന്നിവ വിലയിരുത്തി. 12 മുതൽ 47 ശതമാനം വരെയായിരുന്നു വിദ്യാർത്ഥികളുടെ സ്‌കോർ.
പരീക്ഷാ സമ്മർദ്ദം കുറയും
1. ഓപ്പൺ ബുക്കിലൂടെ വിദ്യാർത്ഥികളുടെ പരീക്ഷാ സമ്മർദ്ദം കുറയും
2. മനഃപാഠം പഠിക്കുന്ന രീതി കറയും, വിമർശനാത്മക ചിന്താശേഷി വളരും
3. ആശയങ്ങൾ ജീവിതത്തിൽ ഉപയോഗിക്കാൻ കഴിവുണ്ടാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |