കൊല്ലം: ഓണമെത്തും വരെ കാത്തിരുന്നില്ല, കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു. സമുദ്രതീരത്തെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന്റെ ടെറസിലാണ് ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി തുടങ്ങിയത്.
കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. വെണ്ടയും തക്കാളിയും പച്ചമുളകും വഴുതനയുമടക്കം ഒട്ടുമിക്ക വിളകളുമുണ്ട്. ഉറ്റവരും ഉടയവരുമില്ലാത്തവരുടെ സ്നേഹവും സംരക്ഷണവുമാണ് പച്ചക്കറി കൃഷി വിജയിപ്പിച്ചത്. വിളവെടുപ്പ് തുടങ്ങിയതിനാൽ പച്ചക്കറിയുടെ തീവില സമുദ്രതീരത്തെ കാര്യമായി ബാധിക്കുന്നില്ല.
എന്നാലും 43 അന്തേവാസികൾക്കും സേവന പ്രവർത്തകർക്കും മറ്റുള്ളവർക്കുമായി ദിവസവും സദ്യയൊരുക്കുമ്പോൾ ഈ പച്ചക്കറി പോരാതെ വരും. കർഷകരായ സുമനസുകളുടെ സഹായം ഉത്പന്നങ്ങളായും എത്തുന്നുണ്ട്.
വിളവെടുപ്പ് ടെറസിൽ
പുതിയ മന്ദിരത്തിന്റെ ടെറസിൽ വേണ്ടുവോളം സ്ഥലം
ഇവിടെയാണ് പച്ചക്കറി കൃഷി
നല്ല സൂര്യപ്രകാശവും മഴയും ലഭിക്കും
വെള്ളം നനയ്ക്കാൻ പ്രത്യേക സംവിധാനങ്ങൾ
പരിപാലനം കൃഷിയിൽ താത്പര്യമുള്ള അന്തേവാസികൾ
കൃഷി ചെയ്യാൻ കൂടുതൽ സ്ഥലം നൽകാമെന്ന് സുമനസുകൾ
കൃഷി വ്യാപിപ്പിക്കാൻ തീരുമാനം
ഗുണമേന്മയുള്ള ഭക്ഷണത്തിന് പച്ചക്കറി ഉത്പന്നങ്ങൾ കൃഷി ചെയ്തെടുത്തേ മതിയാകൂ എന്ന സ്ഥിതിയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ടെറസിലെ കൃഷി വലിയ വിജയമാണ്. അച്ഛനമ്മമാരുടെ വിരസത മാറിയെന്നതാണ് കൂടുതൽ നേട്ടം.
എം.റൂവൽ സിംഗ്,
ചെയർമാൻ, സമുദ്രതീരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |