ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ പുതിയ ഇന്ത്യയെ ലോകത്തിന് കാണിച്ചു കൊടുത്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് സാങ്കേതികവിദ്യയും പ്രതിരോധ മേഖലയിലെ 'മേക്ക് ഇൻ ഇന്ത്യ'യും ശക്തി പകർകന്നതായും പറഞ്ഞു. ബംഗളൂരുവിൽ വിവിധ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തരാകുക എന്നതാണ് നമ്മുടെ ലക്ഷ്യം. സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന നൽകേണ്ട സമയമാണിത്. സോഫ്റ്റ്‌വെയറുകളുടെയും ആപ്പുകളുടെയും മേഖലയിൽ ഇന്ത്യ പുതിയ ഉയരങ്ങളിലെത്തേണ്ടതുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങൾ ഗുണമേന്മയിൽ കുറ്റമറ്റതും പരിസ്ഥിതി സൗഹൃദവുമായിരിക്കണം. നാം ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്കാണ്. ലോകത്തിലെ നാലാമത്തെ വലിയ വാഹന കയറ്റുമതി രാജ്യമായി ഇന്ത്യ മാറി. സാങ്കേതികവിദ്യയുടെ എല്ലാ മേഖലകളിലും പുരോഗമിക്കുന്നു. ഇന്ത്യയുടെ സ്വന്തം ചിപ്പ് ഉടൻ പുറത്തിറങ്ങും. ഇന്ത്യ എ.ഐ പവർഡ് ത്രെഡ് ഡിറ്റക്ഷൻ പോലുള്ള സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നു. സാമ്പത്തിക വളർച്ചയാണ് രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രധാന പ്രേരകശക്തിയെന്നും മോദി പറഞ്ഞു.
പുരോഗതി വരാൻ നഗരങ്ങൾ അത്യാധുനികവും കാര്യക്ഷമവുമാകണം. 2014 ൽ അഞ്ച് നഗരങ്ങളിൽ മാത്രമായിരുന്ന മെട്രോ സേവനങ്ങൾ ഇന്ന്, 24 നഗരങ്ങളിലായി 1000 കിലോമീറ്ററിലധികം വ്യാപിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയാണ് ഇന്ത്യയിലേത്.
ബംഗളൂരു മെട്രോയുടെ ആർ.വി റോഡ് ബൊമ്മസാന്ദ്ര യെല്ലോ ലൈൻ ബസവനഗുഡിഇലക്ട്രോണിക് സിറ്റി യാത്രാ എളുപ്പമാക്കുമെന്നും പറഞ്ഞു.
ബംഗളൂരു മെട്രോ മൂന്നാം ഘട്ടം
15,610 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ബംഗളൂരു മെട്രോ മൂന്നാം ഘട്ടത്തിന്റെ തറക്കല്ലിടൽ അദ്ദേഹം നിർവഹിച്ചു. ബംഗളൂരു കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബംഗളൂരു-ബെലഗവി, നാഗ്പുർ- പുനെ, വൈഷ്‌ണോ ദേവി കത്രഅമൃത്സർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്തു.
കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, എച്ച്.ഡി. കുമാരസ്വാമി,അശ്വിനി വൈഷ്ണവ്, വി. സോമണ്ണ, ശോഭ കരന്ദ്ലാജെ എന്നിവർക്കൊപ്പം പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. കുട്ടികളുമായി സംവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |