മുംബയ്: വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹവുമായി ബൈക്കിൽ നാട്ടിലേക്ക് യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു.
നാഗ്പൂർ - ജബല്‍പൂര്‍ ദേശീയ പാതയില്‍ ഭാര്യയുടെ മൃതദേഹം ബൈക്കിന്റെ പിറകിൽ കെട്ടി വച്ച് യാത്ര ചെയ്യുന്ന അമിത് യാദവെന്ന മുപ്പത്തിയഞ്ച്കാരന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ ലോനാരയില്‍ നിന്ന് കരൺപൂരിലേക്ക് പോകുന്ന വഴിയാണ് അമിത് യാദവും ഭാര്യ ഗ്യാർസി അമിത് യാദവും സഞ്ചരിച്ച ബൈക്കിൽ ട്രക്കിടിച്ചത്. ഭാര്യ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. റോഡിൽ നിന്ന് സഹായത്തിനായി കേണപേക്ഷിച്ചെങ്കിലും ആരും വാഹനം നിർത്തിയില്ലെന്ന് പൊലീസ് പറയുന്നു.
ഇതിന് ശേഷമാണ് മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ബൈക്കിന് പിന്നിൽ കെട്ടിവച്ച് യാത്ര ചെയ്തത്. അൽപദൂരം സഞ്ചരിച്ചപ്പോഴേക്കും, പൊലീസ്ബൈക്ക് പിന്തുടർന്ന് തടഞ്ഞു. പൊലീസ് ഇടപെട്ട് മൃതദേഹം നാഗ്പുരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ദമ്പതികൾ നാഗ്പുരിലെ ലോനാരയിലാണ് താമസിച്ചിരുന്നതെങ്കിലും മദ്ധ്യപ്രദേശിലെ സിയോണിയിൽ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു. ഇടിച്ച വാഹനം നിർത്താതെ കടന്നു കളയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |