കോഴിക്കോട്: ഫാർമസിസ്റ്റോ ഡ്രഗ് ലെെസൻസോ ഇല്ലാതെ ജില്ലയിൽ മരുന്നുവിൽപ്പന നടത്തുന്നതായി ആക്ഷേപം. സ്വകാര്യ ക്ളിനിക്കുകൾ കേന്ദ്രീകരിച്ച് വൻ തോതിൽ മരുന്ന് സംഭരിച്ചതായും ആരോപണമുണ്ട്. ഇതോടെ ലെെസൻസോടെ മരുന്നു നൽകുന്നവരും സംശയ നിഴലിലാവുകയാണ്. ചില സ്കിൻ, ദന്ത, ഓർത്തോ ഡോക്ടർമാരുടെ ക്ളിനിക്കുകളിലും പൈൽസ്, ഫിസ്റ്റുല ക്ളിനിക്കുകളിലുമാണ് ആന്റിബയോട്ടിക് ഉൾപ്പെടെയുള്ളവ വിൽക്കുന്നത്. ചില ഡെർമറ്റോളജിസ്റ്റുകളും അനധികൃത വിൽപ്പന നടത്തുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ആന്റിബയോട്ടിക്, കോഴ്സായാണ് നൽകേണ്ടത്. അല്ലാതെയും നൽകുന്നുവെന്നാണ് സൂചന. ഒരു ഡോക്ടർ മാത്രം ചികിത്സിക്കുന്നിടത്ത് രോഗിക്ക് മരുന്നു നൽകാൻ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ടിലെ ഷെഡ്യൂൾ കെ പ്രകാരം വ്യവസ്ഥയുണ്ട്. ഇതിന്റെ മറവിലാണ് മെഡിക്കൽ ഷോപ്പുപോലെ മരുന്നു കച്ചവടമെന്ന് കേരള പ്രെെവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആരോപിച്ചു. മരുന്നു കമ്പനികളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വാങ്ങിയും മരുന്ന് ശേഖരിക്കുന്നുണ്ട്.
ഓഫറിൽ ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ മരുന്നുകളും നൽകുന്നുണ്ടെന്നാണ് ആക്ഷേപം. ചില ഡോക്ടർമാർ എഴുതുന്ന വെെറ്റമിൻ ഗുളികകൾ പോലും അവരുടെ ക്ളിനിക്കിലല്ലാതെ മറ്റൊരിടത്തും കിട്ടില്ല. വെെറ്റമിൻ ഗുളികയാണ് അതെന്ന് രോഗികളിൽ പലർക്കും അറിയുകയുമില്ല. ഇതുതേടി അലയുന്നവർ ഒടുവിൽ അതെഴുതിയ ഡോക്ടറുടെ ക്ളിനിക്കൽ തന്നെ എത്തുന്നു.
അനധികൃത മരുന്നു വിൽപ്പനയെ തുടർന്ന് സർക്കാരിന് ഡ്രഗ് ലെെസൻസ് ഇനത്തിൽ ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുന്നു. പലയിടത്തും ഫാർമസിസ്റ്റുകളല്ല മരുന്ന് നൽകുന്നത്. ഇത് അവരുടെ തൊഴിലവസരവും ഇല്ലാതാക്കുന്നു. ഡോക്ടർമാർ നേരിട്ടോ ഫാർമസിസ്റ്റുകൾക്കോ മാത്രമേ മരുന്നെടുത്തു കൊടുക്കാൻ നിയമപ്രകാരം അധികാരമുള്ളൂ. ആവശ്യത്തിന് ഡ്രഗ് ഇൻസ്പെക്ടർമാരില്ലാത്തതിനാൽ ഇക്കാര്യങ്ങളിൽ പരിശോധനയും നടക്കുന്നില്ല. പരാതിയുണ്ടെങ്കിൽ മാത്രമേ ഡ്രഗ് കൺട്രോൾ വിഭാഗം പരിശോധിക്കാറുള്ളുവെന്നാണ് വിവരം.
അനധികൃത മരുന്നു വിൽപ്പന തടയാൻ ഡ്രഗ് കൺട്രോൾ വിഭാഗം കർശന പരിശോധന നടത്തണം.
-ജയൻ കോറോത്ത്
സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ
കേരള പ്രെെവറ്റ് ഫാർമസിസ്റ്റ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |