ശബരിമല : ശബരിമല റോപ് വേ പദ്ധതിക്ക് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യു ഭൂമി കൈമാറാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ റവന്യു ഉദ്യോഗസ്ഥർക്ക് വിമുഖത. സംസ്ഥാന സർക്കാർ 2024 നവംബർ 15നാണ് ഭൂമി കൈമാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള കട്ടിളപ്പാറ സെറ്റിൽമെന്റ് ഭൂമിയിൽ നിന്ന് രണ്ട് യൂണിറ്റുകളിലായി 4.5336 ഹെക്ടർ ഭൂമി പരിഹാര വനവത്കരണത്തിനായി വനംവകുപ്പിന് കൈമാറാനാണ് അഡിഷണൽ സെക്രട്ടറി ഗോപകുമാർ ആർ.എൽ ഒൻപതു മാസം മുൻപ് ഉത്തരവ് നൽകിയത്.
പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡ് അംഗീകാരം നൽകുകയും വനംവകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ചന്ദ്രശേഖർ പദ്ധതി പ്രദേശം സന്ദർശിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഈ റിപ്പോർട്ടിനോടൊപ്പം കേന്ദ്ര അനുമതിക്കായി നൽകേണ്ട രേഖകളാണ് റവന്യു ഉദ്യോഗസ്ഥരുടെ നിസംഗതമൂലം തയ്യാറാക്കാതിരിക്കുന്നത്.
കൊല്ലം ജില്ലയിലെ പുനലൂർ തഹസീൽദാർക്കാണ് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറുടെ ചുമതലവഹിക്കുന്ന എ.ഡി.എം നിർമ്മൽ കുമാർ നിർദ്ദേശം നൽകിയത്. കൂടാതെ പദ്ധതി പ്രദേശത്ത് നിൽക്കുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ് ഫോർമർ മാറ്റുന്നതിന് എൻ.ഒ.സി നൽകാത്തതും മറ്റൊരു തടസമാണ്.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമായി 2011ലാണ് ദേവസ്വം ബോർഡ് റോപ് വേ പദ്ധതിയുടെ ടെൻഡർ ക്ഷണിച്ചത്. 2015ൽ ഇത് സംബന്ധിച്ച് നിർമ്മാണ കമ്പിനിയുമായി ബോർഡ് ധാരണാപത്രം ഒപ്പിട്ടു. പിന്നെയും പലവിധ കാരണങ്ങളാൽ വൈകിയ പദ്ധതിക്ക് വി.എൻ.വാസവൻ ദേവസ്വം മന്ത്രിയായതോടെയാണ് വേഗത കൈവന്നത്. ഇതിനായി ദേവസ്വം ബോർഡിനെയും വനം , റവന്യു വകുപ്പ് മന്ത്രിമാരുടെയും സംയുക്ത യോഗം ചേരുകയും പദ്ധതി സമയ ബന്ധിതതമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ മന്ത്രിമാരുടെ നിർദ്ദേശങ്ങളെ അവഗണിച്ചാണ് ഫയലുകൾ ചലിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് തുടരുന്നത്.
റോപ് വേ പദ്ധതി
പമ്പ ഹിൽടോപ്പിൽ ആരംഭിച്ച് അഞ്ച് സ്റ്റീൽ ടവറുകളിലൂടെ മാളികപ്പുറം പൊലീസ് ബാരക്കിന് പിന്നിലെത്തുന്നതാണ് പദ്ധതി.
ഒരേസമയം 60 ക്യാബിനുകൾ കേബിളിലൂടെ നീങ്ങും. ഒരു ക്യാബിനിൽ 500 കിലോവരെ ഭാരം കയറ്റാം. ഒരു ദിവസം 7000ടൺ സാധനങ്ങൾ സന്നിധാനത്ത് എത്തിക്കാൻ കഴിയും. സാധനങ്ങൾ സൂക്ഷിക്കാൻ പമ്പ ത്രിവേണി ഹിൽടോപ്പിലും മാളികപ്പുറത്തും ഓട്ടോമേറ്റഡ് വെയർഹൗസുകളും സ്ഥാപിക്കും
ചെലവ്: 150 മുതൽ 180കോടി വരെ
നീളം : 2.7 കിലോമീറ്റർ
വേഗത: ഒരു സെക്കന്റിൽ മൂന്ന് മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |