30 ഓളം മോഷണക്കേസുകൾ
ട്രെയിൻ കേന്ദ്രീകരിച്ച് മോഷണം
കോഴിക്കോട് : വൃദ്ധയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ കേസിൽ പിടിയിലായ ഗാസിയാബാദ് സ്വദേശി മുഹമ്മദ് സെെഫ് അസ്കർ അലി നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി. പനവേൽ, താനെ, കല്യാൺ, കുർള, ചത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, ദാദർ തുടങ്ങിയ റെയിൽവേ പൊലീസ് സ്റ്റേഷനുകളിലായി 27 മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മയക്കുമരുന്ന് വിൽപനയ്ക്കും അയുധം കെെയിൽവെച്ചതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. താനെ, കല്യാൺ റെയിൽവേ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. 17ാം വയസിൽ തുടങ്ങിയതാണ് മോഷണം. നേരത്തെ ട്രെയിനിൽ സാധനങ്ങൾ വിൽക്കുന്ന ജോലി ചെയ്തതിനാൽ ഓടുന്ന ട്രെയിനിൽ ചാടിക്കയറാനും ഇറങ്ങാനും പ്രത്യേക 'മെയ്‌വഴക്കം' നേടിയിരുന്നു. മോഷണം ട്രെയിൻ കേന്ദ്രീകരിച്ചാക്കിയതും 'മെയ്‌വഴക്കം' തന്നെ. കേരളത്തിൽ ഇത് ആദ്യത്തെ കേസാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് ചണ്ഡീഗഢ് - കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് യാത്രക്കാരി തൃശൂർ തലോർ വെെക്കാറൻ വീട്ടിൽ അമ്മിണി ജോസി (64)നെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയത്. കോഴിക്കോട് നിന്ന് തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. സ്ത്രീയെ തള്ളിയിട്ട ശേഷം ട്രാക്കിലൂടെ 150 മീറ്ററോളം ഓടി കോഴിക്കോടേക്ക് വരികയായിരുന്ന അന്ത്യോദയ എക്സ്പ്രസിൽ കയറി രക്ഷപ്പെടുകയായിരുന്നു. അക്രമിക്കപ്പെട്ട അമ്മിണിയുടെ മൊഴിയുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നതെന്ന് ആർ.പി.എഫും ജി.ആർ.പി സംഘവും പറഞ്ഞു.
പരിശോധിച്ചത് 500 ഓളം സി.സി.ടി.വികൾ
അന്ത്യോദയ എക്സ്പ്രസിൽ കയറി കടന്നുകളഞ്ഞ പ്രതി മംഗലാപുരത്ത് ഇറങ്ങി അവിടെ നിന്ന് പൂനെ എക്സ്പ്രസിൽ പനവേലിലേക്ക് കടന്നു. കണ്ണൂർ, കാസർകോട്, ഗോവ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ആഗസ്റ്റ് 10 ന് പനവേലിൽ നിന്ന് തിരുനെൽവേലി എക്സ്പ്രസിൽ കയറി മംഗലാപുരത്തേക്ക് എത്തി. പിന്നീട് കാസർകോട് വെച്ച് ഇയാൾ പിടികൂടി. വൃദ്ധയുടെ ബാഗ് മോഷണശേഷം ഇയാൾ ഉപേക്ഷിച്ചു. ബാഗിലുണ്ടായിരുന്ന മൊബെെൽ ഫോണും സ്വിച്ച് ഓഫ് ചെയ്തു. ഇവരുടെ എ.ടി.എം കാർഡ്, കുട, 4500 രൂപ എന്നിവ പ്രതിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ട്രെയിനിൽ കയറിയാൽ കംപാർട്മെന്റിലൂടെ നടന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് അന്വേഷണസംഘം പറഞ്ഞു.
അന്വേഷണ സംഘം
റെയിൽവേ പൊലീസ് ഡി.ആർ.എസ്.പി എം. ശശിധരൻ, ജി.ആർ.പി ഇൻസ്പെക്ടർ സുധീർ മനോഹർ, എസ്.ഐ മാരായ സുഭാഷ് ചന്ദ്രൻ, ബഷീർ.പി.കെ, ജയകൃഷ്ണൻ.പി, എ.എസ്.ഐ ഷാജി പി.ടി, സി.പി.ഒ മാരായ ജോസ്, ജിബിൻ മാത്യു, അഖിലേഷ്, ആർ.പി.എഫ് കോഴിക്കോട് ഇൻസ്പെക്ടർ കേശവദാസ്, എസ്.ഐ സുനിൽ കുമാർ, അജിത് അശോക്, അബ്ബാസ്, ബെെജു, അജീഷ് എന്നിവടങ്ങുന്നതാണ് അന്വേഷണസംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |