കൊല്ലം: ഓണാവധിക്ക് നാട്ടിലെത്തിയ സൈനികനെയും സഹോദരനെയും വീട്ടിൽ കയറി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് പ്രതികൾക്കും 7വർഷവും 10 മാസവും 20 ദിവസവും തടവും 1000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
പനയം രതീഷ് (32), ജയേഷ് (28), രാജീവ് ഭവനത്തിൽ വിഷ്ണു (29), രഘുനാഥമന്ദിരത്തിൽ അനീഷ് (33), ഇഞ്ചവിളച്ചേരിൽ മാഹിൻ മൻസിലിൽ മാഹിൻ (31) എന്നിവരെയാണ് ശിക്ഷിച്ചത്. പനയം കാർത്തിക വീട്ടിൽ രാജേഷ്, സഹോദരൻ അരുൺരാജ് എന്നിവരെ ആക്രമിച്ച കേസിൽ കൊല്ലം അസി. സെഷൻസ് ജഡ്ജി എം.എസ്.ഉണ്ണിക്കൃഷ്ണനാണ് വിധി പറഞ്ഞത്.
കുറ്റപത്രം ഇങ്ങനെ: 2017ലെ തിരുവോണ ദിനമായ സെപ്തംബർ 4ന് രാത്രി 11.30 നായിരുന്നു സംഭവം. കാർത്തിക വീട്ടിൽ അതിക്രമിച്ചുകടന്ന പ്രതികൾ സൈനികനായ രാജേഷിനോട് ജ്യേഷ്ഠസഹോദരനെ തിരക്കി. ടി.വി കണ്ടുകൊണ്ടിരുന്ന രാജേഷ് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ രതീഷ് രണ്ട് തവണ തലയ്ക്ക് നേരെ വാൾ വീശി. ഒഴിഞ്ഞ് മാറിയതിനാൽ മുതുകത്ത് വെട്ടേറ്റു. വിഷ്ണു വാൾ കൊണ്ട് ഇടതുകാലിൽ വെട്ടി. നിലത്ത് വീണ രാജേഷിനെ അഞ്ചു പ്രതികളും ചേർന്ന് ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ രാജേഷ് എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. ഇതിനിടയിൽ അരുൺ രാജ് മോട്ടോർ സൈക്കിളിൽ അവിടെയെത്തി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ രതീഷ്, അരുൺ രാജിനെ ചീത്ത വിളിച്ചു കൊണ്ട് ചവിട്ടി തറയിലിട്ടു. ഈസമയം ജയേഷ് കൈയിലിരുന്ന മഴു കൊണ്ട് അരുൺ രാജിന്റെ ഇടതു മുട്ടിന് വെട്ടി. രതീഷ് വാളുകൊണ്ട് വീണ്ടും രാജേഷിന്റെ കാലിൽ വെട്ടി പരിക്കേൽപ്പിച്ചു.
സംഭവദിവസം രാത്രി എട്ട് മണിക്ക് അരുൺരാജിന്റെ ബൈക്ക് ചിറ്റയം ശിവക്ഷേത്രത്തിന്റെ മുന്നിൽ വച്ചിരുന്ന സമയം രതീഷിന്റെ ഓട്ടോറിക്ഷ കൊണ്ടുവന്ന് ഇടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെയും പൊലീസിൽ പരാതി കൊടുത്തതിന്റെയും വിരോധത്തിൽ അഞ്ച് പ്രതികളും സംഘം ചേർന്ന് മാരകായുധങ്ങളുമായി വീട്ടിലെത്തി അക്രമിക്കുകയായിരുന്നു.
അഞ്ചാലുംമൂട് എസ്.ഐ ആയിരുന്ന സി.ദേവരാജനാണ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഏഴ് സാക്ഷികളെെ വിസ്തരിച്ചു, 14 രേഖകളും കൃത്യത്തിന് ഉപയോഗിച്ച മഴുവും വാളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.നിയാസ്, അഡ്വ. പി.ബി.സുനിൽ എന്നിവർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |