കോതമംഗലം: അദ്ധ്യാപികയാകാൻ കൊതിച്ച യുവതിയ്ക്ക് പഠനം പൂർത്തിയാക്കും മുമ്പേ ഒരു മുഴം കയറിൽ ജീവൻ ത്യജിക്കേണ്ടിവന്നത് ജീവനുതുല്യം സ്നേഹിച്ച കാമുകൻ റമീസിന്റെ മതഭ്രാന്തും ചതിയും മൂലം. യുവതിയുടെ കുടുബത്തിൽ മൂന്ന് മാസത്തിനുള്ളിലെ രണ്ടാമത്തെ ദുരന്തമാണിത്. പിതാവ് കഴിഞ്ഞ മേയ് 12ന് കോതമംഗലത്തെ കുരൂർതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്പന്റെ മരണം യുവതിയെ തളർത്തിയിരുന്നു. കോതമംഗലത്തെ ഒരു വീട്ടിലെ ജോലിക്കാരിയാണ് അമ്മ . ജ്യേഷ്ഠൻ ബേസിൽ ഇതേ വീട്ടിലെ ഡ്രൈവറാണ്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ആന്റണി ജോൺ എം.എൽ.എ തുടങ്ങിയവർ ഇന്നലെ വീട് സന്ദർശിച്ചു. യുവതിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കോതമംഗലം, കുട്ടമ്പുഴ ഇൻസ്പെക്ടർമാരുൾപ്പെടുന്ന പ്രത്യേക സംഘത്തിന് എസ്.പി. രൂപം നൽകി.
അദ്ധ്യാപികയാകാൻ കൊതിച്ച യുവതി, ആരുമായും സൗഹൃദമില്ലാത്ത റമീസ്
സ്കൂൾ അദ്ധ്യാപിക ആകണമെന്നായിരുന്നു യുവതിയുടെ മോഹം. ഡിഗ്രിക്ക് ശേഷം ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിനും അയച്ചു. ആലുവ യു.സി. കോളേജിൽ ബി.എ മലയാളം ക്ളാസിൽ സഹപാഠികളായി തുടങ്ങിയതാണ് റമീസുമായുള്ള പ്രണയം. പഠിക്കാൻ മിടുക്കിയായിരുന്നു, ഡിഗ്രി തോറ്റ റമീസിനെ ഒരു വർഷം കാത്തിരുന്ന് അയാളെ പഠിപ്പിച്ച് ജയിപ്പിച്ച ശേഷമാണ് ടി.ടി.സിക്ക് ചേർന്നത്.
പാനായിക്കുളത്തെ വീടിനടുത്ത് ആരുമായും അധികം സൗഹൃദം പുലർത്താത്തയാളാണ് അറസ്റ്റിലായ റമീസ്. ഇയാളുടെ പിതാവ് റഹിമും ക്രിസ്ത്യാനിയായിരുന്ന മാതാവ് ഷെറിയും പ്രേമിച്ച് വിവാഹിതരായതാണ്. പറവൂർ വെടിമറയിലെ തറവാട്ടിൽ നിന്ന് 20 വർഷം മുമ്പ് പാനായിക്കുളത്തേക്ക് താമസം മാറി. ഇറച്ചി, കോഴിക്കച്ചവടമാണ് റഹിമിന്. പാനായിക്കുളത്ത് രണ്ട് വർഷം മുമ്പ് തുടങ്ങിയ ബീഫ് സ്റ്റാൾ നോക്കി നടത്തിയത് റമീസായിരുന്നു. ഇത് പൂട്ടിയതിനെ തുടർന്ന് ജോലിയൊന്നുമില്ലാതായി.
വെടിമറയിലെ ബന്ധുക്കളായ യുവാക്കളുമായി മാത്രം സൗഹൃദം. അനാശാസ്യ കേസ് കൂടാതെ മദ്യപിച്ച് വാഹനമോടിച്ചതിന് ബിനാനിപുരം സ്റ്റേഷനിൽ രണ്ട് കേസുകളുമുണ്ട്. പാനായിക്കുളത്തും പരിസരത്തുമായി മൂന്ന് ഇറച്ചിക്കടകൾ നടത്തുകയാണ് പിതാവ് റഹീം. പാനായിക്കുളത്തെ പഴയവീടിനോട് ചേർന്നാണ് ഒരു കട. അടുത്തിടെ മില്ലുപടി ബസ് സ്റ്റോപ്പിലെ ഗോഡൗണിന് സമീപം പുതിയ വീട് വാങ്ങി താമസം ഇവിടെയാക്കി. പാനായിക്കുളത്തെ ഇവരുടെ ഒരു കടയിൽ നിന്ന് രണ്ടുവർഷം മുമ്പ് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. വിവാഹിതയായ സഹോദരിയുണ്ട്.
ഇന്ന് പ്രതിഷേധം
കോതമംഗലം: മതംമാറ്റാനുള്ള കാമുകന്റെ സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് വൈകിട്ട് കോതമംഗലം പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. ലൗ ജിഹാദ് സംഭവങ്ങൾ ആവർത്തിച്ചിട്ടും മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബി.ജെ.പി ഇതിനെ ഗൗരവത്തോടെ കാണുമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |