ഇപ്പോഴത്തെ കാലത്ത് ഏറ്റവുമധികം ചെലവ് വരുന്ന കാര്യങ്ങളിലൊന്നാണ് വിദ്യാഭ്യാസം. സ്‌കൂൾ മുതൽ തുടങ്ങുന്ന ചെലവ് കുട്ടിയുടെ കോളേജ് വിദ്യാഭ്യാസം വരെ തുടരുന്നു. ഇക്കാരണത്താൽ തന്നെ ഒരു കുട്ടി മതി എന്ന് തീരുമാനിക്കുന്ന കുടുംബങ്ങളും ഏറെയാണ്. എന്നാൽ, ഇപ്പോഴിതാ മൂന്ന് വയസിൽ താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവർഷം 3,000 യുവാൻ (ഏകദേശം 36,577 രൂപ) നൽകാനൊരുങ്ങുകയാണ് ചൈനീസ് സർക്കാർ. രാജ്യത്തുടനീളം സൗജന്യ പ്രീ - സ്‌കൂൾ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം.
രാജ്യത്തെ ജനന നിരക്ക് കുറയുന്നത് പരിഹരിക്കാൻ പല പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്‌തിരുന്നു. സാമ്പത്തിക അനൂകൂല്യങ്ങൾ മുതൽ ഭവന സബ്‌സിഡികൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നിട്ടും ജനസംഖ്യയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.
ജനന നിരക്ക് കുറയാൻ കാരണം?
യുവാക്കളിൽ ഭൂരിഭാഗവും വിവാഹം കഴിക്കാതിരിക്കുകയോ വിവാഹം വൈകിപ്പിക്കുകയോ ചെയ്യുന്നു. മാത്രമല്ല, വിവാഹം കഴിഞ്ഞവരിൽ ഭൂരിഭാഗവും കുട്ടികൾ വേണ്ട എന്ന തീരുമാനമെടുക്കുന്നു. ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയിലെ ജനനസംഖ്യ കുറയാൻ കാരണമായി. ജനസംഖ്യയിൽ പ്രായമേറിയവരുടെ എണ്ണം കൂടുന്നതും തൊഴിൽ ശക്തി കുറയുന്നതും ചൈനയുടെ സാമ്പത്തിക വളർച്ച, ആരോഗ്യ സംരക്ഷണം, പെൻഷൻ സംവിധാനങ്ങൾ എന്നിവയ്‌ക്ക് ദീർഘകാല വെല്ലുവിളികൾ ഉയർത്തുകയാണ്.
ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെയോ മൂന്നാമത്തെയോ കുട്ടികൾ ജനിക്കുമ്പോൾ ഭവന, തൊഴിൽ പരിശീലന സബ്‌സിഡികൾ എന്നിവ നൽകുന്നു. ഇന്നർ മംഗോളിയ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഹോഹോട്ടിൽ നിന്നുള്ളതാണ് ഏറ്റവും ആകർഷകമായ പ്രാദേശിക നയങ്ങളിലൊന്ന് വന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടിക്ക് 1,00,000 യുവാൻ ( 12,20,346 രൂപ) ആണ് അധികാരികൾ വാഗ്ദാനം ചെയ്‌തത്. കുട്ടികൾക്ക് പത്ത് വയസ് തികയുന്നത് വരെയാണ് ഈ തുക അധികൃതർ നൽകുന്നത്.
കിഴക്കൻ ചൈനയിലെ ഹാങ്‌ഷൗ ഉൾപ്പെടെയുള്ള മറ്റ് ചില നഗരങ്ങളിലെ അധികാരികൾ ഡേകെയറിനുള്ള ചൈൽഡ്കെയർ വൗച്ചറുകളും സബ്‌സിഡികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുപോലുള്ള നയങ്ങൾ ചില പ്രദേശങ്ങളിൽ ജനന നിരക്ക് ചെറിയ രീതിയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. എങ്കിലും ജനന നിരക്ക് പൊതുവേ കുറവാണ്. സബ്സിഡികൾ കുറവായതാണ് ഇതിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നഗര പ്രദേശത്ത് ഒരു കുട്ടിയെ വളർത്താൻ ഈ തുക തികയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കുട്ടികളെ വളർത്തുന്നതിന് ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചൈന. ബീജിംഗ് ആസ്ഥാനമായുള്ള യുവ പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024 ലെ റിപ്പോർട്ട് പ്രകാരം, ചൈനയിൽ ഒരു കുട്ടിയെ 18 വയസ് വരെ വളർത്തുന്നതിനുള്ള ശരാശരി ചെലവ് 5,38,000 യുവാൻ (65,65,461 രൂപ) ആണ്. ഇത് ചൈനയുടെ പ്രതിശീർഷ ജിഡിപിയുടെ 6.3 മടങ്ങ് കൂടുതലാണ്. ഇത് തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായതിനാലാണ് ചൈനയിലെ ജനങ്ങൾ കുട്ടികൾ വേണ്ടെന്ന് വയ്‌ക്കുന്നത്. തമാശയായി കുട്ടികളെ അവർ ടുഞ്ചിൻഷൗ ( സ്വർണം വിഴുങ്ങുന്ന മൃഗങ്ങൾ ) എന്നാണ് വിളിക്കുന്നത്.
പണം മാത്രമല്ല, ചെലവേറിയ ഭവന നിർമ്മാണം, സ്ത്രീകൾക്ക് അവധിയെടുക്കുന്നതിന് ശിക്ഷ നൽകുന്ന ചില ജോലിസ്ഥലങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. കുട്ടികളുണ്ടായതിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന് ആശങ്കപ്പെടുന്ന ചൈനീസ് സ്‌ത്രീകളുമുണ്ട്. മറ്റൊരു പ്രശ്‌നം ചൈനയിലെ ലിംഗ അസമത്വമാണ്. കുട്ടികളുടെ പരിചരണത്തിന്റെയും വീട്ടുജോലിയുടെയും ഭാരം ഭൂരിഭാഗവും വഹിക്കുന്നത് സ്ത്രീകളാണ്. അമ്മമാർക്ക് 128 മുതൽ 158 ദിവസം വരെ പ്രസവാവധി അനുവദിക്കുമ്പോൾ, പിതാക്കന്മാർക്ക് വളരെ കുറച്ച് മാത്രമേ ലഭിക്കുന്നുള്ളൂ. തുല്യ രക്ഷാകർതൃ അവധിക്ക് പൊതുജനങ്ങൾ ആഹ്വാനം ചെയ്തിട്ടും നിയമങ്ങളിൽ മാറ്റം വരുത്താൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |