വിതുര: വിതുര പഞ്ചായത്തിലെ മണലിയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. ഒരുമാസംമുൻപ് ദേഹത്ത് മുറിവുമായി ഒരു ഒറ്റയാൻ എത്തിയിരുന്നു. ആഴ്ചകൾ പിന്നിട്ടിട്ടും കാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കാതിരുന്ന ആനയെ വനപാലകർ മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകി. പരിക്ക് ഭേദമായതോടെ ഒറ്റയാൻ കാട്ടിലേക്ക് മടങ്ങിയെങ്കിലും ഒരാഴ്ച പിന്നിട്ടപ്പോൾ വീണ്ടും മണലിയിലെത്തി. ഈ ഒറ്റയാനാണ് ഇപ്പോൾ മണലിയിൽ കൃഷികൾ നശിപ്പിച്ചത്.
വൈദ്യുതിവേലിയും
ആനക്കിടങ്ങും നടപ്പായില്ല
പഞ്ചായത്തിൽ നിലവിൽ കൂടുതൽ കാട്ടാനശല്യം നേരിടുന്നത് മണലിയിലാണ്. കഴിഞ്ഞദിവസം രാത്രിയിൽ മണലി രാമകൃഷ്ണന്റെ വിളയിലിറങ്ങിയ ഒറ്റയാൻ തെങ്ങ്, വാഴ, കമുക് കൃഷികൾ മുഴുവൻ നശിപ്പിച്ചു. കനത്ത നഷ്ടമുണ്ട്.ഒരാഴ്ച മുൻപ് ഒറ്റയാൻ ഒരുവീട് തകർക്കുകയും, ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. ആനശല്യത്തിന് തടയിടാൻ മണലിയിൽ ആനക്കിടങ്ങും, വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന് വനംവകുപ്പ് പ്രഖ്യാപനം നടത്തിയെങ്കിലും നടന്നില്ല.
ഒറ്റയാനെ പിടികൂടണം
മണലിയിൽ ഇറങ്ങുന്ന ഒറ്റയാനെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആനയെ മയക്കുവെടിഉതിർത്ത് പിടികൂടി കോട്ടൂർ ആനസങ്കേതത്തിലേക്ക് കൊണ്ടുപോകണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് മണലിനിവാസികൾ നേരത്തേ വനംവകുപ്പിന് നിവേദനം നൽകിയെങ്കിലും മുഖവിലക്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |