ആലപ്പുഴ: വിദ്യാലയങ്ങളിലെ പ്രീപ്രൈമറി വിഭാഗത്തോടുള്ള സംസ്ഥാന സർക്കാരിന്റെ ചിറ്റമ്മ നയത്തിൽ വലഞ്ഞ് പ്രധാനാദ്ധ്യാപകരും പി.ടി.എയും. ഒരു സ്കൂളിലെ ഒന്നാംക്ലാസ് മുതലുള്ള കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനും ജീവനക്കാരുടെ ഹോണറേറിയത്തിനും ആവശ്യമായ തുക സർക്കാർ നൽകുമ്പോൾ, അതേ സ്കൂളിലെ തന്നെ പ്രീപ്രൈമറി വിഭാഗത്തെ ഇതൊന്നും നൽകാതെതഴയുകയാണ്. ഇതോടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രീപ്രൈമറി വിഭാഗം നടത്തിക്കൊണ്ടുപോകാൻ പാടുപെടുകയാണ് പ്രധാനാദ്ധ്യാപകരും പി.ടി.എയും.
2012ന് ശേഷമുള്ള പ്രീപ്രൈമറി വിഭാഗത്തിന് സർക്കാർ അംഗീകാരമില്ലാത്തതാണ് തിരിച്ചടിയായത്. ഇതുകാരണം പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു നടപ്പാക്കുന്നതിനും അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നതിനും പണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്.
2012 വരെയുള്ളതും അതിനുശേഷമുള്ളതും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് നിലവിൽ പ്രീപ്രൈമറിയിലുള്ളത്. 2012 വരെയുള്ള അദ്ധ്യാപകർക്കും ആയമാർക്കും കുറഞ്ഞത് 12000, 7000 എന്നിങ്ങനെ ക്രമത്തിൽ ഓണറേറിയം സർക്കാർ നൽകുന്നുണ്ട്. 20081 അദ്ധ്യാപകർക്കും 1961 ആയമാർക്കും ഇതുലഭിക്കുന്നുണ്ട്. ഈ സ്കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള തുകയുമുണ്ട്.
എന്നാൽ, 2012ന് ശേഷം ആരംഭിച്ചിട്ടുള്ള പ്രീപ്രൈമറി സ്കൂളുകളിൽ സർക്കാരിന്റെ സഹായങ്ങളൊന്നുമില്ല. പി.ടി.എ നൽകുന്ന ചെറിയ വേതനം മാത്രമാണ് അദ്ധ്യാപകർക്കും ആയമാർക്കുമുള്ളത്. ഇവരെ നിയമിക്കുന്നത് പി.ടി.എയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള തുകയുമില്ല. ഒന്നാംക്ലാസ് മുതലുള്ള കുട്ടികൾക്ക് സർക്കാർ സൗജന്യമായി നൽകുന്ന ഉച്ചഭക്ഷണത്തിൽ നിന്നാണ് ഇവർക്കുള്ള വിഹിതം കണ്ടെത്തുന്നത്.
അംഗീകാരമില്ലാത്തത് തിരിച്ചടി
പുതുക്കിയ മെനു വലിയ സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടയാക്കും
സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ സാധനങ്ങൾ കിട്ടാറില്ല
പ്രീപ്രൈമറി കുട്ടികൾക്കുകൂടി ഭക്ഷണം കണ്ടെത്തണമെന്നതിനാൽ ചെലവ് താങ്ങാനാകില്ല
പ്രധാനദ്ധ്യാപകരും പി.ടി.എയും ചേർന്ന് പിരിച്ചോ, കുട്ടികളുടെ ഫീസിൽനിന്നോ ആണ് അധിക തുക കണ്ടെത്താറുള്ളത്
പ്രീപ്രൈമറി സ്കൂളുകളിലെ കുട്ടികൾ അതേ സ്കൂളിൽ തന്നെ ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നതാണ് പതിവ്
അതിനാൽ ഈ വിഭാഗത്തെ സ്കൂളുകളിൽ നിന്ന് ഒഴിവാക്കാനും കഴിയില്ല
ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് പരാതി നൽകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോൾ മനസ് മടുത്ത അവസ്ഥയിലാണ്
-സുബൈദ, ജില്ലാ പ്രസിഡന്റ്, പ്രീപ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഓർഗനൈസേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |