അടൂർ : അടൂർ സാഹിത്യോത്സവത്തിന് 15ന് കൊടിയുയരുമ്പോൾ നഗരഹൃദയത്തിന്റെ സന്ധ്യയെ സംഗീത സാന്ദ്രമാക്കി ഉള്ളൂരിന്റെ പ്രേമസംഗീതം പെയ്തിറങ്ങും. മഹാകവി ഉള്ളൂരിന്റെ വിശ്വമാനവസ്നേഹ സന്ദേശം പ്രമേയമായ പ്രേമസംഗീതം എന്ന കാവ്യത്തിന്റെ ശാസ്ത്രീയ സംഗീതാവിഷ്കാരം
വൈകിട്ട് 6.30ന് ഡോ.മണക്കാല ഗോപാലകൃഷ്‌ണനാണ് പ്രേമസംഗീത സദസായി അവതരിപ്പിക്കുക. പ്രേമസംഗീതത്തിലെ ‘ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവണ ശശിബിംബം ‘ എന്ന് തുടങ്ങുന്ന 76 വരികൾ 12 രാഗങ്ങളിൽ ചിട്ടപ്പെടുത്തിയാണ് അവതരിപ്പിക്കുക. പ്രേമസംഗീത സദസിന്റെ 151-ാമത്തെ വേദിയാണ് അടൂരിലേത്. 2015 ഡിസംബർ അഞ്ചിന് തിരുവനന്തപുരത്തായിരുന്നു കവിതാകച്ചേരിയുടെ ആദ്യവേദി. സംഗീതവും കവിതയും ഇഴചേർത്ത് ആസ്വാദകർക്ക് പുതിയൊരു ഭാവതലം മണക്കാല ഗോപാലകൃഷ്ണൻ സമ്മാനിച്ചപ്പോൾ പ്രേമസംഗീത സദസിന് വിദേശരാജ്യങ്ങൾ ഉൾപ്പടെ വേദിയായി. പ്രൊഫ.ടി.ആർ.സുബ്രഹ്മണ്യം , ഡോ.ലീല ഓംചേരി , ബി.ശശികുമാർ , കുമാരകേരളവർമ്മ എന്നിവരടങ്ങിയ ഗുരുപരമ്പരയുടെ അനുഗ്രഹിശിസ്സുകളോടെ സംഗീതസപര്യ തുടരുന്ന മണക്കാല ഗോപാലകൃഷ്ണൻ സ്വാതി തിരുനാൾ കോളേജിൽ നിന്നാണ് ഗാനഭൂഷണവും ഗാനപ്രവീണയും പാസായത്. കേരളസർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ,സർക്കാർ സംഗീത കോളേജുകളിലെ ഗാനഭൂഷണം പരീക്ഷ ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് ചീഫ് മാനേജർ ജി.അനിതയാണ് ഭാര്യ , മുരളീകൃഷ്ണൻ ,അനന്തകൃഷ്ണൻ എന്നിവർ മക്കളും.
മണക്കാല ഗോപാലകൃഷ്ണനൊപ്പം പ്രൊഫ.സൗന്ദരരാജൻ പാലക്കാട് (വീണ), പെരുമ്പാവൂർ ഹരിമുരളി (പുല്ലാങ്കുഴൽ), നാഞ്ചിൽ എ.ആർ.അരുൾ (മൃദംഗം), വൈക്കം രത്നശ്രീ (തബല), താമരക്കുടി രാജശേഖരൻ (മുഖർശംഖ്), കടമ്മനിട്ട ആർ.പ്രസന്നകുമാർ (സാഹിത്യാവതരണം) എന്നിവരും വേദിയിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |