പത്തനംതിട്ട : തദ്ദേശ സ്ഥാപന വാർഡ് പുനർവിഭജന പ്രക്രിയ പൂർത്തിയായപ്പോൾ ജില്ലയിലെ വാർഡുകളുടെ എണ്ണം 1099 ആയി. നേരത്തെ 1042 ആയിരുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ചെയർമാനും വിവിധ സർക്കാർ വകുപ്പ് സെക്രട്ടറിമാരായ ഡോ.രത്തൻ യു ഖേൽക്കർ, കെ.ബിജു, എസ്. ഹരികിഷോർ, ഡോ.കെ.വാസുകി എന്നിവർ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ എസ്.ജോസ്‌നമോൾ സെക്രട്ടറിയുമായ ഡീലിമിറ്റേഷൻ കമ്മിഷനാണ് വാർഡ് വിഭജനപ്രക്രിയ പൂർത്തിയാക്കിയത്.
പുതിയ വാർഡുകളുടെ എണ്ണം
ഗ്രാമപഞ്ചായത്ത് : 833
ബ്ലോക്ക് പഞ്ചായത്ത് : 114
ജില്ലാ പഞ്ചായത്ത് : 17
നഗരസഭ : 135
മൂന്ന് ഘട്ടമായി വാർഡ് പുനർവിഭജനപ്രക്രിയ
ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തും മൂന്നാംഘട്ടത്തിൽ ജില്ലാ പഞ്ചായത്തിലുമാണ് പുനർവിഭജനം നടത്തിയത്. 2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയുടെയും തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലായിരുന്നു പുനർവിഭജനം. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 21,900ൽ നിന്ന് 23,612 ആയി വർദ്ധിച്ചു. വാർഡ് വിഭജനത്തിന്റെ ഭാഗമായി തദ്ദേശവാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കിയത് ഇൻഫർമേഷൻ കേരള മിഷനാണ്. വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടിവകുപ്പിന്റെ ഇ ഗസറ്റ് വെബ് സൈറ്റിൽ (www.compose.kerala.gov.in) ലഭിക്കും.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹീയറിംഗിന് ഹാജരായവരുടെ പരാതി പരിശോധിച്ചാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.
എ.ഷാജഹാൻ
ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |