കോന്നി : കൊമ്പന്റെ തലയെടുപ്പുള്ള കോന്നിയുടെ ഓണനാളുകളിൽ ആഘോഷത്തിന്റെ ചിന്നംവിളി ഉയർത്തി കരിയാട്ടം 30 മുതൽ സെപ്തംബർ എട്ട് വരെ കെ.എസ്.ആർ.ടി.സി മൈതാനിയിൽ നടക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം, സംസ്കാരികം, വ്യവസായം, തദ്ദേശ വകുപ്പുകളുടെയും ഫോക് ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ് പത്ത് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. 2023 ൽ കോന്നി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കലാരൂപമാണ് കരിയാട്ടം. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിയാട്ടം നടത്താൻ കഴിഞ്ഞില്ല. ഇത്തവണ പൂർവ്വാധികം ഗംഭീരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. കരിയാട്ടവുമായി ബന്ധപ്പെട്ട് പ്രതിഭ സംഗമം, ചിത്ര പ്രദർശനം, ചലച്ചിത്ര മേള, മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, കയാക്കിംഗ് ഫെസ്റ്റ്, കുട്ടവഞ്ചി തുഴച്ചിൽ മത്സരം, ഗജമേള, തൊഴിൽ മേള, ഓണാഘോഷ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിനായി കോന്നി ആനക്കൂട്ടിൽ ചേർന്ന സംഘാടകസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വർക്കിംഗ് ചെയർമാൻ പി.ജെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, സംഘടക സമിതി കൺവീനർ ശ്യാംലാൽ , ഫോക്ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ, മലയാലപ്പുഴ മോഹനൻ, കെ.ആർ.കെ.പ്രദീപ്, അഡ്വ.പേരൂർ സുനിൽ, രാജു നെടുവപ്പുറം, വർഗീസ് ബേബി, സന്തോഷ് കൊല്ലമ്പടി, ദീപകുമാർ, ബൈജു നരിയാപുരം തുടങ്ങിയവർ പങ്കെടുത്തു.
കരിയാട്ടം പുരസ്കാരം
ഈ വർഷത്തെ കരിയാട്ടത്തിനോടനുബന്ധിച്ച് കോന്നി മണ്ഡലത്തിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കരിയാട്ടം പുരസ്കാരം നൽകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ.ആർ.കെ പ്രദീപ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പേരൂർ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. സെപ്റ്റംബർ എട്ടിന് കരിയാട്ടം സമാപന യോഗത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |