പരാതിക്കാരനുമായി പൊലീസ് നഗരംചുറ്റി, പ്രതികളെ പൊക്കി
തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ അർദ്ധരാത്രി കത്തികാട്ടി പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയ സംഭവത്തിലെ പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.അർദ്ധരാത്രി സ്റ്റേഷനിലെത്തിയ പരാതിക്കാരനുമായി നഗരം ചുറ്റിയാണ് തമ്പാനൂർ പൊലീസ് പ്രതികളെ വലയിലാക്കിയത്.
വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ കാരയ്ക്കാമണ്ഡപം സ്വദേശി ദസ്തഗീർ (46),റസൽപുരം സ്വദേശി ജിത്തു (21),വള്ളക്കടവ് സ്വദേശി ബിജു(30),കൊല്ലം ഏഴുകോൺ സ്വദേശി ബിജു (43), ഈസ്റ്റ് കല്ലട സ്വദേശി രാജീവ് (42) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 12.30തോടെ തമ്പാനൂർ എസ്.എസ് കോവിൽ റോഡിലായിരുന്നു അഞ്ചംഗ സംഘത്തിന്റെ വിളയാട്ടം. വഴിയാത്രക്കാരിൽ നിന്ന് പണവും മൊബൈൽ ഫോണും ആവശ്യപ്പെട്ടു. എല്ലാവരും ഭയപ്പെട്ട് കൈയിലുള്ളതും കൊടുത്ത് ഓടി.എന്നാൽ എറണാകുളം സ്വദേശിയായ അക്ഷയ് ദാസ് പണം നൽകാൻ വിസമ്മതിച്ചതോടെ ഇയാളെ പ്രതികൾ മർദ്ദിച്ചു.അവിടെ നിന്ന് രക്ഷപ്പെട്ട അക്ഷയ് ദാസ് തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി,തന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും ബാഗിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചുപറിച്ചതായി പരാതി നൽകി.
ഉടൻ എസ്.എച്ച്.ഒ ജിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരനുമായി നഗരം ചുറ്റി. പടിഞ്ഞാറേക്കോട്ടയിൽ നിന്നാണ് അഞ്ചംഗസംഘത്തെ രാത്രി രണ്ടോടെ പിടികൂടിയത്. അക്ഷയുടെ ഫോൺ പ്രതികളിൽ നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെ മറ്റൊരാളും സമാനമായ പരാതിയുമായെത്തി. ഇയാളുടെ പഴ്സുൾപ്പെടെ പ്രതികളിൽ നിന്ന് ലഭിച്ചെങ്കിലും മൊബൈൽ ഫോൺ കണ്ടെത്താനായില്ല.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ സന്തോഷ് കുമാർ,സി.പി.ഒമാരായ അരുൺകുമാർ,ശരത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |