ഇരിട്ടി: കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയുടെ ഒരുവർഷം നീണ്ട രജത ജൂബിലി ആഘോഷങ്ങൾക്കു സമാപനമായി. ഭക്തജനസമൂഹത്തിന്റെ സാന്നിദ്ധ്യത്തിൽ സമാപനം ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
മലബാറിന്റെ കുടിയേറ്റ ചരിത്രത്തിൽ വിശ്വാസതീഷ്‌ണതയുടെ വിജയത്തിലാണ് ഇന്നു കാണുന്ന വികസനങ്ങളെല്ലാം ഉയർന്നതെന്നും ഇതിനു നേതൃത്വം നൽകിയതു സഭാ ശ്രേഷ്ഠരും വൈദീകരും സിസ്‌റ്റേഴ്‌സും ആണെന്നും കുന്നോത്ത് സെമിനാരിയുടെ വരവ് മലബാറിൽ നിന്നും കൂടുതൽ ശ്രേഷ്ഠരായ വൈദീകരെ പരിശീലിപ്പിക്കുന്നതിനു നിമിത്തമായെന്നും മന്ത്രി പറഞ്ഞു. മതേതര രാജ്യമായ ഇന്ത്യയിൽ വിശ്വാസം ഏറ്റുപറയുന്നതിൽ വിലക്കുകൾ ഇല്ലെന്നും താൻ വിശ്വാസിയാണെന്നും മന്ത്രി വ്യക്തമാക്കി.
സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വൈദികർ ക്രിസ്‌തുവിന്റെ സഭയുടെ അംബാസിഡർമാരാണെന്നും മനുഷ്യർക്കിടയിൽ സന്തോഷത്തിന്റെ സദ്‌വാർത്ത അറിയിക്കുന്നവരാണ് വൈദീകരെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എൻഡോവ്മെന്റ് വിതരണവും മാർ തോമസ് പാടിയത്ത് ബുക്ക് പ്രകാശനവും പ്രഥമ റെക്‌ടർ ഫാ. ജോസഫ് കുഴിഞ്ഞാലിൽ സ്‌മരണിക പ്രകാശനവും പാല ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സോളർ ഉദ്ഘാടനവും നിർവഹിച്ചു. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് വലിയമറ്റം, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, സണ്ണി ജോസഫ് എം.എൽ.എ, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, കണ്ണൂർ സഹായ മെത്രാൻ മാർ ഡെന്നീസ് കറുപ്പശ്ശേരിൽ, റെക്‌ടർ ഫാ. മാത്യു പട്ടമന, മുൻ റെക്‌ടർ ഫാ. മാണി ആട്ടേൽ, പായം പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി, നസ്രത്ത് സിസ്‌റ്റേഴ്‌സ് മദർ ജനറൽ സിസ്‌റ്റർ ജെസീന്ത, പൂർവ വിദ്യാർഥി പ്രതിനിധി ഫാ. സെബാസ്റ്റ്യൻ ഇടയാടിയിൽ, പായം പഞ്ചായത്ത് അംഗം ഷൈജൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്‌ഞതാ കുർബാനയും അർപ്പിച്ചു. സീറോ മലബാർ സഭാ സിനഡിന്റെ കീഴിൽ 2000 സെപ്തംബർ 1 നാണ് തലശ്ശേരി അതിരൂപതയുടെ സാൻതോം എസ്‌റ്റേറ്റിൽ കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരി ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |