കലോത്സവം ജനവരി 7 മുതൽ 11 വരെ 28 വേദികളിൽ
തൃശൂർ: കൗമാര കലയെ വരവേൽക്കാൻ സാംസ്‌കാരിക നഗരി ഒരുക്കം തുടങ്ങി. ഇനിയുള്ള നാളുകൾ തൃശൂരിന് പറയാൻ കലാമാമാങ്കത്തിന്റെ വിശേഷങ്ങൾ. ഉത്സവഛായയോടെ സ്വാഗതസംഘത്തിന് രൂപം നൽകി. ഏഴു കൊല്ലത്തിനുശേഷം ജനുവരി ഏഴ് മുതൽ 11 വരെ ഒരിക്കൽ കൂടി കലോത്സവം വിരുന്നെത്തുമ്പോൾ അതിനെ ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് തൃശൂരിന്റെ മനസ്. തിരുവനന്തപുരത്ത് കഴിഞ്ഞ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ ആവേശത്തിലാണ് അടുത്ത കലോത്സവത്തിൻ തൃശൂർ ആതിഥേയത്വമരുള്ളുന്നത്. ചേർപ്പ് സി.എൻ.എൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ചെണ്ടമേളം, ഹോളി ഫാമിലി സ്‌കൂളിലെ വിദ്യാർത്ഥികളുടെ നാടൻപാട്ട്, ബാന്റ് മേളം, സൂംബ ഡാൻസ് എന്നിവയോടെയായിരുന്നു സ്വാഗതസംഘ രൂപീകരണത്തിന് എത്തിയ അതിഥികളെ സ്വീകരിച്ചത്. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. മന്ത്രി ആർ.ബിന്ദു മുഖ്യാതിഥിയായി. മേയർ എം.കെ.വർഗീസ്, എം.എൽ.എമാരായ പി.ബാലചന്ദ്രൻ, എ.സി.മൊയ്തീൻ, ഇ.ടി.ടൈസൺ മാസ്റ്റർ, വി.ആർ.സുനിൽകുമാർ, കെ.കെ.രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പള്ളി, എൻ.കെ.അക്ബർ, ടി.ജെ.സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, മുൻമന്ത്രി വി.എസ്.സുനിൽകുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, നിയുക്ത പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, ജില്ലാ കളക്ടർ വി.ആർ.അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ, മട്ടന്നൂർ ശങ്കരൻകുട്ടി, വിദ്യാധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. എസ്.ചിത്ര സംഘാടക സമിതി ഘടന അവതരിപ്പിച്ചു.
28 വേദികൾ 14,000 പ്രതിഭകൾ
നഗരത്തിലെ 28 വേദികളിലായി 14000ത്തോളം കൗമാര പ്രതിഭകളാണ് തൃശൂരിലെ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കുക. 249 ഇനങ്ങളിലാണ് മത്സരം. മൂന്നു വർഷം തുടർച്ചയായി വിധി കർത്താക്കളായവരെ ഇത്തവണ മാറ്റിനിറുത്തും. ആയിരത്തോളം വിധികർത്താക്കളാണ് ഉണ്ടാവുക.
സ്വാഗതഗാനത്തോടെ തുടക്കം
കലോത്സവത്തെ അനുസ്മരിപ്പിക്കുംവിധം സ്വാഗത ഗാനത്തോടെയായിരുന്നു സ്വാഗതസംഘ രൂപീകരണ യോഗം. മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ ഗാനരചന നിർവഹിച്ച് പി.രഘു സംഗീത സംവിധാനം നിർവഹിച്ച ' വിരുന്നു വന്നു വസന്തകാലം വിരുന്നൊരുക്കും കാലം' എന്നാ ഗാനത്തോടെയായിരുന്നു തുടക്കം.
കലോത്സവത്തിന് എത്തുന്നവർക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാൻ ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ നിന്ന് പലചരക്ക്, പച്ചക്കറികൾ ശേഖരിക്കാനാണ് ആലോചിക്കുന്നത്. ജില്ലയിലെ എല്ലാ സ്‌കൂളിലേക്കും സ്വർണക്കപ്പ് പര്യടനം നടത്തും.
-മന്ത്രി വി.ശിവൻകുട്ടി
കലോത്സവത്തിൽ തൃശൂരിലെ സ്‌കൂളുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും പങ്കാളികളാക്കും. വിശ്രമമില്ലാത്ത ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ കലോത്സവം വിജയകരമായി സംഘടിപ്പിക്കും.
-മന്ത്രി കെ.രാജൻ
കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമാണ് തൃശൂർ. കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന ഓരോ കുട്ടിക്കും ഏറ്റവും സൗഹൃദപരമായ സൗകര്യമൊരുക്കി, ആർക്കും പരാതിക്ക് ഇടനൽകാതെ മേള സംഘടിപ്പിക്കും.-മന്ത്രി ഡോ. ആർ.ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |