കൊല്ലം: കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതിന് ജില്ലയിലും ഹോർട്ടികോർപ്പിന്റെ ഫാം ക്ലബുകൾ ഒരുങ്ങുന്നു. കൃഷിയാസൂത്രണവും ഉത്പാദനവും ഉപഭോഗവും സമയബന്ധിതമാക്കി കർഷകരെ സഹായിക്കുകയാണ് ലക്ഷ്യം.
കൃഷിയിനം, വിസ്തൃതി, വിളവെടുക്കുന്ന ആഴ്ച, പ്രതീക്ഷിക്കുന്ന ഉത്പാദനം എന്നീ വിവരങ്ങൾ കർഷകരിൽ നിന്ന് ഫാംക്ലബുകൾ മുൻകൂർ ശേഖരിക്കുന്നതോടെ സംഭരണം ശാസ്ത്രീയമാകും. ഇതോടെ കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനും കഴിയും. കർഷകന്റെ പേര്, ഫോൺ നമ്പർ എന്നിവയും ശേഖരിക്കും.
ജില്ലയിൽ ഫാംക്ലബ് രൂപീകരണത്തിന് പഞ്ചായത്ത് തലത്തിൽ വിവരശേഖരണം പുരോഗമിക്കുകയാണ്. ഈ മാസം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. കൃഷിഭവനുകളിൽ നിന്ന് ഓരോ സീസണിലും പ്രതീക്ഷിക്കാവുന്ന പഴം, പച്ചക്കറി ഉത്പാദനം സംബന്ധിച്ച് കൃത്യമായ കണക്ക് കിട്ടിയാൽ കർഷകർക്കും ഹോർട്ടികോർപ്പിനും ഗുണകരമാകും.
കർഷകർക്ക് വിപണി ഉറപ്പാക്കാം
കൃഷി, ഇനം, വിസ്തൃതി, വിളവെടുപ്പ് വിവരങ്ങൾ മുൻകൂർ ശേഖരിക്കും
കർഷകരെ ഉൾപ്പെടുത്തി കൃഷിഭവനുകൾക്ക് കീഴിൽ ക്ലബ്
കൃഷിയും വിപണിയും ക്രമീകരിക്കാനാകും
കൃഷി തുടങ്ങുമ്പോഴേ ഹോർട്ടികോർപ്പിന് അറിയാനാകും
വിപണന പ്രതിസന്ധികൾക്ക് പരിഹാരം
കർഷകരുടെ വരുമാനം ഉയർത്താം
ഫാം ക്ലബിലെ ഡാറ്റായുടെ അടിസ്ഥാനത്തിൽ കൃത്യമായി വിളവുകൾ സംഭരിക്കാനും അയൽ ജില്ലകളിൽ ഉൾപ്പടെ വിപണി ഒരുക്കാനും കഴിയും. ജില്ലാതലത്തിൽ കർഷകരുടെ ഡാറ്റാബേസ് ക്രോഡീകരണവും പുരോഗമിക്കുന്നു.
ടി.സജീവ്, ജില്ലാ മാനേജർ, ഹോർട്ടികോർപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |