ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് (സ്ഥാനത്തുനിന്ന് നീക്കൽ) ചെയ്യാനുള്ള നടപടിക്ക് തുടക്കം. ഇതിന്റെ ഭാഗമായി വർമ്മയ്ക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള മൂന്നംഗ സമിതിയെ നിയോഗിച്ചു. എം.പിമാർ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതിനെ തുടർന്നാണിത്.
മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഡിസംബറിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചേക്കും. ജഡ്‌ജസ് എൻക്വയറി ആക്‌ട് പ്രകാരം രൂപീകരിച്ച സമിതിയിൽ സുപ്രീംകോടതി സിറ്രിംഗ് ജഡ്‌ജി ജസ്റ്റിസ് അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം.ശ്രീവാസ്‌തവ, കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി.വി.ആചാര്യ എന്നിവരാണ് അംഗങ്ങൾ. സമിതി രൂപീകരണം സ്‌പീക്കർ ലോക്‌സഭയെ അറിയിച്ചു.
അതേസമയം, ഇംപീച്ച്മെന്റ് നടപടിക്ക് തുടക്കമിട്ട സാഹചര്യത്തിൽ യശ്വന്ത് വർമ്മ രാജിവയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ ഇംപീച്ച്മെന്റ് ഒഴിവാക്കാനാകും. ഇപ്പോൾ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയാണ് വർമ്മ. പണം കണ്ടെത്തിയ സംഭവത്തെത്തുടർന്ന് ചുമതല നൽകാതെയാണ് ഇവിടേക്ക് സ്ഥലംമാറ്റിയത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു സമിതിയംഗമായ കർണാടക സ്വദേശിയും 93കാരനുമായ ആചാര്യ. ആ കേസിൽ ജയലളിതയെ നാലുവർഷം കഠിനതടവിനും 100 കോടി പിഴയും ശിക്ഷിച്ചിരുന്നു.
കുറ്റക്കാരനെന്ന്
സുപ്രീംകോടതി സമിതി
യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തരസമിതി കണ്ടെത്തിയിരുന്നു. പിന്നാലെ, ഇംപീച്ച്മെന്റിന് ശുപാർശ ചെയ്‌ത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കത്തയച്ചു. സമിതിയുടെ ശുപാർശയ്ക്കെതിരെ വർമ്മ നൽകിയ ഹർജി തള്ളിയിരുന്നു.
ഇംപീച്ച്മെന്റ്
1.ഭരണഘടനാലംഘനം, പെരുമാറ്റദൂഷ്യം, പദവിക്ക് നിരക്കാത്ത പ്രവൃത്തികൾ എന്നിവ കണ്ടെത്തിയാൽ രാഷ്ട്രപതി, സുപ്രീംകോടതി-ഹൈക്കോടതി ജഡ്‌ജിമാർ എന്നിവരെ പദവിയിൽ നിന്ന് നീക്കുന്ന നടപടി. പാർലമെന്റിനാണ് അധികാരം
2.ജഡ്‌ജസ് ഇൻക്വയറി ആക്‌ട് പ്രകാരം മൂന്നംഗസമിതി രൂപീകരിച്ച് ജഡ്ജിമാർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കണം.കുറ്റക്കാരനാണെങ്കിൽ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാം
3.ലോക്‌സഭയിലും രാജ്യസഭയിലും ഹാജരായിട്ടുള്ള മൂന്നിൽ രണ്ട് അംഗങ്ങളുടെ വോട്ടുണ്ടെങ്കിൽ പ്രമേയം പാസാകും
മുമ്പും ഇംപീച്ച്മെന്റ്
നീക്കം, ഫലം കണ്ടില്ല
മുൻപും ജഡ്‌ജിമാർക്കെതിരെ ഇംപീച്ച്മെന്റിന് ശ്രമമുണ്ടായെങ്കിലും അവയെല്ലാം പരാജയപ്പെട്ടിരുന്നു. ചിലർ അതിനുമുമ്പ് രാജിവച്ചു.
1991-ജസ്റ്റിസ് വി.രാമസ്വാമി പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം. ലോക്‌സഭയിൽ കോൺഗ്രസ് എം.പിമാർ വിട്ടുനിന്നതോടെ പ്രമേയം പരാജയപ്പെട്ടു
2011- ജസ്റ്റിസ് സൗമിത്ര സെൻ കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയായിരിക്കെ ഫണ്ട് തിരിമറി ആരോപണം. ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമിട്ടപ്പോഴേക്കും രാജിവച്ചു
2015- സുപ്രീംകോടതി ജഡ്‌ജി ജെ.ബി.പർദിവാല ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയായിക്കെ ഒരു വിധിയിലെ വിവാദ പരാമർശത്തിൽ ഇംപീച്ച്മെന്റ് പ്രമേയം. പരാമർശം നീക്കിയതോടെ പ്രമേയം ഉപേക്ഷിച്ചു
2017- ജസ്റ്റിസ് എസ്.കെ.ഗാൻഗെലേ മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായിരിക്കെ വനിതാ ജുഡിഷ്യൽ ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമിതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ ഇംപീച്ച്മെന്റ് നീക്കം ഉപേക്ഷിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |