കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രൈമറി അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന കറക്ഷണൽ സർവീസസ് മന്ത്രി ചന്ദ്രനാഥ് സിൻഹയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഡോ.സി.വി ആനന്ദബോസ് അനുമതി നൽകി. വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി, ഭക്ഷ്യ,റേഷൻ വിതരണ മന്ത്രി ജോതിപ്രിയ എന്നിവരാണ് ആനന്ദബോസ് ഗവർണറായി ചുമതലയേറ്റശേഷം അഴിമതിക്കേസിൽ സി.ബി.ഐ / ഇ.ഡി അന്വേഷണത്തിനൊടുവിൽ പ്രോസിക്യുഷന് വിധേയരായതും ജയിലിലായതും.
തൃണമൂൽ കോൺഗ്രസ് ബോൾപൂർ എം.എൽ.എയാണ് മന്ത്രി ചന്ദ്രനാഥ് സിൻഹ. 2016 നും 2021 നുമിടയിൽ ചന്ദ്രനാഥ് സിൻഹയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം ഒന്നരക്കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. വസതിയിൽ നടത്തിയ റെയ്ഡിനിടെ കണക്കിൽപ്പെടാത്ത 41 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ കണ്ടെടുത്ത പണത്തിന്റെയും നിക്ഷേപങ്ങളുടെയും ഉറവിടങ്ങൾ തൃപ്തികരമായി വിശദീകരിക്കുന്നതിൽ സിൻഹ പരാജയപ്പെട്ടു. ഇ.ഡി പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി ഉൾപ്പെടെ 55 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. അനധികൃതമായി പണം വാങ്ങി ഉദ്യോഗാർത്ഥികളെ നിയമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 'തന്റെ മുമ്പാകെ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി ചന്ദ്രനാഥ് സിൻഹയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതെ'ന്ന് രാജ്ഭവൻ വക്താവ് സ്ഥിരീകരിച്ചു.
ചട്ടപ്രകാരം ഗവർണർ നിയമന അധികാരിയായതിനാൽ, ഏതെങ്കിലും അന്വേഷണ ഏജൻസിക്ക് സിറ്റിംഗ് മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി ആവശ്യമാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം 2002 പ്രകാരമുള്ള അന്വേഷണത്തിൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിക്കൊപ്പം ചന്ദ്രനാഥ് സിൻഹയ്ക്കും അഴിമതിയിൽ പങ്കുള്ളതായി കണ്ടെത്തിയിരുന്നു.
യോഗ്യരായ അനേകം ഉദ്യോഗാർത്ഥികൾക്ക് സ്‌കൂൾ അധ്യാപകരായി നിയമനം നിഷേധിക്കപ്പെട്ടു, അതേസമയം യോഗ്യതയില്ലാത്തവരും താഴ്ന്ന റാങ്കിലുള്ളവരും പരാജയപ്പെട്ടവരുമായ ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യുകയും നിയമവിരുദ്ധമായി നിയമിക്കുകയും ചെയ്തു.
മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി, അർപ്പിത മുഖർജി, സുജോയ് കൃഷ്ണ ഭദ്ര തുടങ്ങി 26 പേർ ഉൾപ്പെടെ 55 പ്രതികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രനാഥ് സിൻഹ ഉൾപ്പെടെയുള്ളവരാണ് പുതിയ പ്രതികൾ. ബാക്കിയുള്ള 29 പ്രതികളിൽ അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും ഉൾപ്പെടുന്നു. ഈ അഴിമതി റാക്കറ്റിന്റെ ഏജന്റായാണ് സിൻഹ പ്രവർത്തിച്ചതെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്. ചന്ദ്രനാഥ് സിൻഹ 159 ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്തുവെന്നും പണംപറ്റി നിയമനം നൽകിയെന്നുമാണ്കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |