തിരുവനന്തപുരം: ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, കലാസാംസ്കാരിക സംഘടനകൾ, വായനശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ തുടങ്ങിയവ മതിയായ രേഖകളില്ലാതെ കൈവശം വച്ചിട്ടുള്ള സർക്കാർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചുനൽകാനുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു. 2020 ജനുവരി 29 ന് പതിച്ചു നൽകലിന് വേണ്ടി ഇറക്കിയ ഉത്തരവിലെ വ്യവസ്ഥകൾ അശാസ്ത്രീയമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.
പുതിയ വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും പതിച്ചു നൽകാവുന്ന പരമാവധി ഭൂമി ഒരേക്കർ ആയിരിക്കും. ഈ സ്ഥാപനങ്ങൾ 1990 ജനുവരി ഒന്നിന് മുമ്പ് നിലവിലുള്ളവയും ഇപ്പോഴും പ്രവർത്തിക്കുന്നവയും ആയിരിക്കണം. മറ്റ് സംഘടനകൾ 2020 ജനുവരി 29 ലും തുടർന്നും പ്രവർത്തനവും രജിസ്ട്രേഷനുമുള്ളവയും ഈ തീയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് വർഷത്തെയെങ്കിലും വരവ് ചെലവ് കണക്കുകൾ പാസാക്കിയിട്ടുള്ളവയും ആയിരിക്കണം. സ്ഥാപനമോ സംഘടനയോ പ്രവർത്തിക്കുന്ന കെട്ടിടം അപേക്ഷിക്കുന്ന വസ്തുവിൽ 2008 ആഗസ്റ്റ് 25 തീയതിയിൽ നിലവലുണ്ടായിരിക്കണം.
പതിച്ചു നൽകാവുന്ന പരമാവധി വിസ്തീർണ്ണം
ചാരിറ്റബിൾ സ്ഥാപനങ്ങൾ:ഗ്രാമപഞ്ചായത്ത് -50 സെന്റ്, മുനിസിപ്പാലിറ്റി -25 സെന്റ്, കോർപ്പറേഷൻ -അഞ്ച് സെന്റ്.
കലാകായിക, സാംസ്കാരിക , സാമുദായിക സംഘടനകൾ, വായനശാലകൾ എന്നിവയ്ക്ക് ഇത് യഥാക്രമം 15,10, അഞ്ച് സെന്റ്.
നിബന്ധന പ്രകാരമുള്ള ഭൂമി ചുവടെ പറയുന്ന കാലയളവിലെ കൈവശമാണെങ്കിൽ ഇതോടൊപ്പമുള്ള തുക ഈടാക്കി പതിച്ചു നൽകാം.
സെറ്റിൽമെന്റ് രജിസ്റ്ററിൽ നിലവിലെ കൈവശക്കാരന്റെ പേർ ഉൾപ്പെട്ടു വന്നാൽ നിലവിലെ ഫെയർവാല്യുവിന്റെ അഞ്ച് ശതമാനം തുക.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കൈവശം -നിലവിലെ ഫെയർവാല്യുവിന്റെ 10 ശതമാനം
സ്വാതന്ത്ര്യത്തിന് ശേഷവും കേരളപ്പിറവിക്ക് മുമ്പുമാണെങ്കിൽ ഫെയർവാല്യുവിന്റെ 25 ശതമാനം.
കേരളപ്പിറവിക്ക് ശേഷവും 1990 ജനുവരി ഒന്നിന് മുമ്പ് ഫെയർവാല്യുവിന്റെ 50 ശതമാനം.
1990 ജനുവരി ഒന്നിന് ശേഷവും 2000 ജനുവരി ഒന്നിന് മുമ്പുമാണെങ്കിൽ ഫെയർവാല്യു.
2000 ജനുവരി ഒന്നിന് ശേഷവും 25/08/2008 ന് മുമ്പുമാണെങ്കിൽ കമ്പോളവില.
ഭൂമി കൈവശം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ റവന്യൂരേഖകളോ, ആധാരത്തിന്റെ പകർപ്പോ, കൈവശ രേഖയുടെ പകർപ്പോ, രജിസ്ട്രേഷൻ സംബന്ധിച്ച വിശദാംശങ്ങളോ നിയമാനുസൃത ഉടമ്പടികളോ, കെട്ടിടങ്ങൾ ഉള്ള ഭൂമിയാണെങ്കിൽ കെട്ടിടനികുതി രസീതോ മതിയാവും.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പതിച്ചു നൽകുന്ന ഭൂമി അതേ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതും പിന്നീട് മറ്റാവശ്യങ്ങൾക്കായി കൈമാറാൻ പാടില്ലാത്തതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |