ഓരോ നാടിന്റെയും ശ്വാസകോശമാണ് കാവുകൾ എന്നാണ് പൂർവികർ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. കോട്ടയം-എറണാകുളം ജില്ലകളുടെ അതിർത്തിയിൽ രണ്ടേമുക്കാൽ ഏക്കർ സ്ഥലത്ത് വലിയൊരു കാവുണ്ട്. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ കാവാണിത്. കുറിഞ്ഞിക്കാവ് എന്നറിയപ്പെടുന്ന ഈ സ്ഥലം പാല-തൊടുപുഴ റോഡിലെ കുറിഞ്ഞിയിലാണ് സ്ഥിതിചെയ്യുന്നത്. കുറിഞ്ഞി ജംഗ്‌ഷനിൽ നിന്നും 400 മീറ്റർ മാറിയാണ് കാവ് സ്ഥിതിചെയ്യുന്നത്. കുറിഞ്ഞിക്കാവ് കുടുംബ ട്രസ്റ്റിനാണ് കാവിന്റെ ഭരണം.
ഇവിടെ പ്രതിഷ്‌ഠയില്ല. വനദുർഗ സങ്കൽപമാണുള്ളത്. ഏത് രൂപത്തിലാണോ ഭക്‌തർ ദേവിയെ കാണുന്നത് ആ രൂപത്തിലാണ് ആരാധിക്കേണ്ടത്. പത്ത് ദിവസം ഉത്സവവും കളമെഴുത്തും പാട്ടുമാണ് കാവിലുള്ളത്. ആണുങ്ങൾ താലമെടുക്കുന്ന ഏക കാവാണിതെന്ന് കുറിഞ്ഞിക്കാവ് കുടുംബ ട്രസ്‌റ്റ് മാനേജിംഗ് ട്രസ്റ്റി കുഴികണ്ടത്തിൽ രമേശ് വ്യക്തമാക്കുന്നു. ഉത്സവനാളിൽ താഴേ പാട്ടമ്പലത്തിൽ കൊണ്ടുപോയി കളമെഴുത്തും പാട്ടുംനടത്തി ദേവിയെ തിരികെവരും.
കാവിലെ ഉത്സവങ്ങൾക്ക് ആന,വെടിക്കെട്ട് എന്നിവയൊന്നും പാടില്ല. ദേവിക്ക് ശബ്‌ദഘോഷങ്ങൾ ഇഷ്‌ടമല്ലാത്തതാണ് കാരണം. പാമ്പുകളും മയിലും കീരിയുമടക്കം ജീവികൾ ധാരാളം ഇവിടെയുണ്ട്. അതിനാൽ വൈകുന്നേരങ്ങളിൽ കാവിൽ പൂജയില്ല. കാവിലെ ഉത്സവ ആറാട്ടിന് പൂരംഇടി എന്നൊരു വിഭവം തയ്യാറാക്കും. കരിക്ക്, പാല്, ശർക്കര, കദളിപ്പഴം ഇതെല്ലാം ഇടിച്ച് ചേർത്ത് തയ്യാറാക്കിയ പൂരംഇടി ദേവിയുടെ മുകളിൽ തൂകും. പിന്നെ ഏഴ് ദിവസം കാവിനുള്ളിൽ ആർക്കും പ്രവേശനമില്ല.
കുറിഞ്ഞിക്കാവിന് നടുവിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. അതിന് ഇരുവശത്തുമായാണ് കാവുമായി ബന്ധമുള്ള കുടുംബങ്ങൾ താമസിക്കുന്നത്. കാവിലെ ആരാധന നടത്തുന്ന പൂജാരിമാരും ഇതിനടുത്ത് താമസിക്കുന്നു. ഇവിടെ മുനിയറകൾ എന്ന പ്രത്യേക കൽനിർമ്മിതികൾ ഉണ്ട്. ഇത്തരത്തിൽ മൂന്നിലധികം മുനിയറകളുണ്ട്. ആദ്യകാലത്ത് 12ഓളം മുനിയറകൾ ഉണ്ടായിരുന്നു.
ആദ്യകാലത്ത് മുനിയറകൾക്ക് ചുവട്ടിലുള്ള വഴിയിലൂടെ കുറിഞ്ഞിക്കൂമ്പൻ മലയിലേക്ക് വഴിയുണ്ടായിരുന്നു. അവിടെ കൊച്ചള്ള്, വലിയള്ള് എന്നിങ്ങനെ രണ്ട് ഗുഹകൾ ഉണ്ട്. ഇവിടെയായിരുന്നു ഭഗവതി ആദ്യകാലത്ത് ഉണ്ടായിരുന്നത്. മരവുരി, കൽമാണിക്യം, പേരാൽ,കൂവളം, അറയാനി,കുമ്പിൾ, ഇഞ്ച, അമൃത് എന്നിങ്ങനെ മരങ്ങൾ വലിയ വലിപ്പത്തിൽ നിൽക്കുന്നത് ഇവിടെ കാണാം. പ്രകൃതി സ്നേഹികൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരുപോലെ ഇഷ്‌ടമാർന്ന സ്ഥലമാണ് കുറിഞ്ഞിക്കാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |