വർക്കല: നഗരമദ്ധ്യത്തിൽ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനിലും ഗവ.ഹോമിയോ ആശുപത്രിയിലും മോഷണം നടന്നതായി പരാതി. ആശുപത്രിയുടെ പൂട്ടുകളും കൃഷിഭവന്റെ വാതിലും തകർത്ത നിലയിലാണ്. ഇന്നലെ രാവിലെ 9 മണിയോടെ ഹോമിയോ ആശുപത്രി ജീവനക്കാരി എത്തിയപ്പോൾ ആശുപത്രി കവാടവും പ്രധാന വാതിലും ഓഫീസ് മുറികളും അലമാരകളും തുറന്നു കിടക്കുകയായിരുന്നു. ഇവർ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർമാനും വർക്കല പൊലീസും സ്ഥലത്തെത്തി. കൃഷിഭവനിൽ നിന്നും ലാപ്ടോപ്പും ഓഫീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫോണും പണവും നഷ്ടപ്പെട്ടു. വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയിലാണ്. സ്റ്റോർ റൂമിന്റെ വാതിലും കുത്തി തുറന്നിട്ടുണ്ട്. ആശുപത്രിക്ക് മുന്നിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു കത്തിയും ശീതളപാനീയ കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ 70,000 രൂപയുടെ നഷ്ടം കണക്കാക്കി പൊലീസ് കേസെടുത്തു. സമീപത്തെ ബങ്ക് കടയിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഹോമിയോ ആശുപത്രിയിൽ നിന്നും വിലപിടിപ്പുള്ള യാതൊന്നും നഷ്ടപ്പെട്ടില്ലെന്നും പ്രദേശത്തെ സിസി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും വർക്കല പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |