ഏഴാംവളവിൽ ചൊവ്വാഴ്ച കുരുങ്ങിയത് ഏഴര മണിക്കൂർ
കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ ഗതാഗതക്കുരുക്കിന് എന്ന് പരിഹാരമുണ്ടാകും? ചൊവ്വാഴ്ച രാത്രി ഏഴാംവളവിൽ തടി കയറ്റിവന്ന ലോറി ആക്സിൽ പൊട്ടി നിന്നതോടെ ഉണ്ടായ ഗതാഗതക്കുരുക്ക് ബുധനാഴ്ച രാവിലെ ഏഴിനാണ് പൂർണ്ണമായി തീർന്നത്.
മൂന്ന് മണിയോടെ ജെ.സി.ബിയെത്തി ലോറി മാറ്റിയെങ്കിലും ചുരത്തിന് താഴെയുള്ള വാഹനങ്ങൾ മുകളിലേക്ക് കയറിത്തുടങ്ങിയതോടെ വീണ്ടും കുരുക്കായി. ഇതിനിടെ കടന്നുപോയത് ചെറുവാഹനങ്ങൾ മാത്രം . വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള നിരവധി യാത്രക്കാർ ഇതോടെ വെട്ടിലായി. കുരുക്കുണ്ടാകുമ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ടോയ്ലറ്റ് സൗകര്യം പോലുമില്ലാതെ വലയുകയാണ്. കുരുക്ക് പരിഹരിക്കാനുള്ള നിർദ്ദിഷ്ട വയനാട് ബെെപാസ് റോഡ് കടലാസിലൊതുങ്ങുമോ എന്നാണ് സംശയം. കഴിഞ്ഞ ബഡ്ജറ്റിൽ ടോക്കൺ തുക നീക്കിവച്ചെങ്കിലും തുടർപ്രവർത്തനമുണ്ടായില്ല. നിലവിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ബെെപാസിന്റെ സാദ്ധ്യതാപഠനവും സർവേയുമാണ് അടിയന്തരമായി നടത്തേണ്ടത്.
വളവുകളിൽ റോഡിന്റെ വശങ്ങളിലെ വീതിക്കുറവാണ് പ്രധാന പ്രശ്നം. കുരുക്കുണ്ടായാൽ കാറുകൾക്കു പോലും പോകാനാവില്ല. വീതി കൂട്ടുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഇതിനായി വനം വകുപ്പിൽ നിന്ന് ഒരു ഹെക്ടർ ഭൂമി വിട്ടുകൊടുത്തിട്ടുണ്ട്. കുരുക്കിൽ പെട്ട വാഹനങ്ങൾ മാറ്റാൻ ക്രെയിൻ ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും പാഴ് വാക്കായി. വിനോദ സഞ്ചാരികളുടെ ഹെെടെക് വാഹനങ്ങൾ കേടുവന്നാൽ നന്നാക്കാൻ കമ്പനിയിൽ നിന്ന് ആളെത്തുംവരെ കാക്കണം.
കൊടും വളവുകൾ 6,7,8
കുരുക്ക്: ചില കാരണങ്ങൾ
പരിഹാരങ്ങൾ
ചുരത്തിന് മുകളിൽ ലക്കിടിയിലും താഴെ അടിവാരത്തും നിറുത്തി വാഹനങ്ങൾക്ക് തകരാറില്ലെന്ന് ഉറപ്പാക്കണം. മുമ്പ് ലോറി ഡ്രെെവർമാർ ഇത് ചെയ്തിരുന്നു. വാഹനം പരിശോധിച്ചു മാത്രം വരാൻ പൊലീസും നിർദ്ദേശിക്കണം. നിയമലംഘനത്തിനെതിരെ കർശന നടപടിയെടുക്കണം.
ബെെപാസ് ഇങ്ങനെ
ദൂരം 14 കിലോമീറ്റർ
ദൂരം കുറയുക 200 മീറ്റർ
അനുവദിച്ച ടോക്കൺ തുക 33 കോടി
റൂട്ട്: ചിപ്പിലത്തോട് - മരുതിലാവ് - തളിപ്പുഴ
ചുരം ബെെപാസ് റോഡിന്റെ സർവേ ഉടൻ തുടങ്ങും. വളവുകൾ വീതി കൂട്ടുന്ന പ്രവൃത്തി ദേശീയപാത അതോറിറ്റിയാണ് ചെയ്യേണ്ടത്. ഇതിന് ടെൻഡറായിട്ടുണ്ട്.
-ലിന്റോ ജോസഫ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |