കൊല്ലം: അതിവേഗത്തിലെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് വൃദ്ധയെ സാഹസികമായി രക്ഷപ്പെടുത്തി വിദ്യാർത്ഥിനി. കോർബ എക്സ്‌പ്രസ് ട്രെയിന് മുന്നിൽ നിന്ന് അതിസാഹസികമായി വൃദ്ധയെ രക്ഷപ്പെടുത്തിയ വിദ്യാർത്ഥിനി കണ്ടുനിന്നവരെയും ഞെട്ടിച്ചു. ഇന്നലെ രാവിലെ 7.21ന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
കൊല്ലം ഉളിയക്കോവിൽ ഇമേജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ കമ്മ്യുണിക്കേഷൻസിലെ പി ജി വിദ്യാർത്ഥിനിയായ ദേവി ഡി മാരിവിൽ ആണ് ഇപ്പോൾ നാട്ടിലെ താരം. ഇന്റർസിറ്റി എക്സ്‌പ്രസിൽ കൊല്ലത്തേക്ക് പോകുന്നതിന് ഒന്നാം നമ്പർ പ്ലാറ്റ് ഫോം കടന്ന് രണ്ടാം നമ്പർ ഫ്ലാറ്റ് ഫോമിലേക്ക് നടക്കുകയായിരുന്നു ദേവി. ഈ സമയം കോർബ എക്സ്‌പ്രസ് തെക്കുനിന്ന് അതിവേഗം എത്തി.
അപ്പോഴാണ് ട്രാക്കിലൂടെ നടന്നുനീങ്ങുന്ന വൃദ്ധയെ പെൺകുട്ടി ശ്രദ്ധിച്ചത്. ഓടിയെത്തിയ ദേവി വൃദ്ധയെ ട്രാക്കിൽ നിന്ന് പുറത്തേക്ക് തള്ളിമാറ്റിതും ട്രെയിൻ കടന്നുപോയതും ഒരുമിച്ചായിരുന്നു. മരണത്തിൽ നിന്ന് രക്ഷിച്ച ദേവിയെ ഏറെ നേരം തമിഴ്നാട്ടുകാരിയായ വൃദ്ധ 'സ്വാമി രക്ഷിച്ചതാണ്' എന്ന് പറഞ്ഞ് തൊഴുതുനിന്നു. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും അധികൃതരും ദേവിയെ അഭിനന്ദിച്ചു. വള്ളിക്കാവിലെ മാരിവിൽ സ്റ്റുഡിയോ ഉടമ ക്ലാപ്പന തുണ്ടത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെയും ദീപയുടെയും മകളാണ് ദേവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |