തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ധിപ്പിച്ചു. 2022 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. ജില്ലാ ഗവൺമെന്റ് പ്ലീഡർമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നിവർക്ക് കുടിശിക സഹിതമാണ് വർദ്ധന.
കുടിശിക നൽകാൻ മാത്രം സർക്കാരിന് 12 കോടിയുടെ അധിക ചെലവുണ്ടാകും. ഈ വർഷം ഫെബ്രുവരിയിൽ ഹൈക്കോടതിയിലെ പ്ളീഡർമാരുടെ ശമ്പളം മുൻകാല പ്രാബല്യത്തിലൂടെ കൂട്ടിയിരുന്നു. അതിന് 13.3കോടിയുടെ അധികച്ചെലവുണ്ടായി. പിന്നാലെയാണ് ജില്ലാ പ്ളീഡർമാരുടെ ശമ്പളം കൂട്ടുന്നത്. അതിനും വേണം 12 കോടി അധികം. ഇതെല്ലാം രാഷ്ട്രീയ നിയമനങ്ങളാണ്. ശക്തമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് തീരുമാനമെന്ന് ആക്ഷേപമുണ്ട്.
ജില്ലാതലത്തിൽ 146 സർക്കാർ അഭിഭാഷകരാണുള്ളത്. ഹൈക്കോടതിയിലേയും കൂടി ചേർക്കുമ്പോൾ മുന്നൂറോളം വരും.
ജില്ലാ പ്ലീഡർമാർക്കും പബ്ലിക് പ്രോസിക്യൂട്ടർമാർക്കും 8.10 ലക്ഷം രൂപയും, അഡിഷണൽ പ്ലീഡർമാർക്ക് 7.20 ലക്ഷവും, മുനിസിഫ് കോടതികളിലെ അഭിഭാഷകർക്ക് 1.80 ലക്ഷവും വീതം കുടിശ്ശിക ലഭിക്കും.
ജില്ലാ പ്ളീഡർക്ക്
₹1,10,000 ശമ്പളം
ജില്ലാ ഗവൺമെന്റ് പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ: മാസ വേതനം 87,500ൽ നിന്ന് 1,10,000 രൂപയാക്കി
അഡിഷണൽ ഗവൺമെന്റ് പ്ലീഡർ, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ: 75,000ൽ നിന്ന് 95,000 രൂപയാക്കി
പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക്: വേതനം 20,000 ൽ നിന്ന് 25,000 രൂപയാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |