ലോകത്തിന് അനുഗൃഹീതമായ രീതിയിൽ വ്യക്തിയെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ രീതിയെ രാമായണം മുന്നോട്ടു വയ്ക്കുന്നു. വ്യക്തിയെ പൂർണ്ണമായും വികസിപ്പിക്കുകയും സംതൃപ്തിയിലേക്ക് ഉയർത്തുകയും ചെയ്യുന്നതാണ് ആ രീതി. ശ്രീരാമനും ലക്ഷ്മണനും ബാല്യംമുതൽ ആർജ്ജിക്കുന്ന വിദ്യാഭ്യാസം ജീവിതത്തെ ഉണ്മയായി വിടർത്തിവെക്കാൻ ഉതകുന്നതാണ്. ശ്രീരാമനെയും രാവണനെയും മറ്റും മുൻനിറുത്തി ഇക്കാര്യം ഊന്നിപ്പറയുന്നുമുണ്ട്.
തന്റെ കുട്ടികൾക്ക് വിദ്യ പകർന്നുനൽകിയ ഗുരുക്കന്മാരെ കാണുമ്പോൾ കൃതജ്ഞതയോടുകൂടി ദശരഥ മഹാരാജാവ് കെെകൂപ്പുന്നത് നാം കാണുന്നു. അത്രമാത്രം ഒരു പിതാവിനു കൃതജ്ഞതയും സന്തോഷവും പകരാൻ ഗുരുക്കന്മാർക്ക് കഴിയുന്നു. ഇത്തരം വിദ്യാഭ്യാസം നാം മുമ്പേ പറഞ്ഞതുപോലെ ഒരു വ്യക്തിയുടെ പൂർണ്ണവികാസത്തെ ഉറപ്പാക്കുകയും സമൂഹത്തിന് പരമാവധി പ്രയോജനപ്പെടുകയും പ്രകാശം പരത്തുകയും ചെയ്യുന്നു. അത് ജീവനെ രൂപപ്പെടുത്തുന്നു.
വാല്മീകി രാമായണത്തിൽ കാണാനാവുന്ന പരിസ്ഥിതി കാഴ്‌ചപ്പാടുതന്നെ നോക്കാം. ശ്രീരാമനെ തേടി കാട്ടിലേയ്ക്കു പോകുന്ന ഭരത രാജകുമാരന്റെ ഉദ്ദേശ്യം രാമനെ തിരികെ കൊണ്ടുവന്ന് രാജ്യഭരണം ഏൽപ്പിക്കലായിരുന്നു. അതിനായി അയോദ്ധ്യയിലെ സൈന്യവുമായി കാട്ടിലേയ്ക്കു പോകുന്ന രാജാവിനും കൂട്ടർക്കും വനത്തിനുള്ളിൽ വഴി ഉണ്ടാക്കേണ്ടിവരുന്നു. അപ്പോൾ നശിക്കുന്ന വനത്തിനു പകരം തത്തുല്യമായോ, അതിൽ അധികമോ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന കരുതൽ രാമായണത്തിൽ കാണാം. ചുറ്റുപാടുകളെ അത്യാവശ്യത്തിനുമാത്രം ഉപയോഗപ്പെടുത്തി, അത് സഹജീവികൾക്കും വരുംതലമുറകൾക്കും സംരക്ഷിച്ചുവെക്കണമെന്ന പരിസ്ഥിതിപാഠമാണിത്. ഈ കാഴ്ചപ്പാടിന്റെ മൂല്യം നമുക്ക് ബോദ്ധ്യപ്പെടേണ്ടതാണ്.
ബദൽ വിദ്യാഭ്യാസ കാഴ്ചപ്പാട്
രാമായണത്തിൽ നൂറുകണക്കിന് വൃക്ഷങ്ങളുടെ വിശദ വിവരങ്ങളും ഉപയോഗവും ജന്തുജാലങ്ങളെപ്പറ്റി ആഴത്തിലുള്ള വിവരണങ്ങളമുണ്ട്. ഇത് വലിയ പഠന ഗവേഷണ സാദ്ധ്യത തുറക്കുന്നു. ചുറ്റുപാടുകളെ രക്ഷിക്കുന്ന, സഹജീവികളെ ശ്രദ്ധിക്കുകയും കരുതുകയും ചെയ്യുന്ന മൂല്യങ്ങൾ ഒരാളിൽ രൂപപ്പെടണമെങ്കിൽ അയാളുടെ വ്യക്തിത്വം പൂർണമായും വികസിക്കണം. അതിനുതകുന്ന മന്ത്രജപവും ധ്യാനവും പ്രാണായാമങ്ങളുമൊക്കെയാണ് രാമനും സഹോദരന്മാരും ബാല്യംമുതൽ അഭ്യസിക്കുന്നത്. കേവലം വിവരശേഖരണമെന്ന രീതിയിലുള്ള ഇന്നത്തെ വിദ്യാഭ്യാസത്തിനു ബദലായി ഇതിനെ കാണാം.
(തൃശൂർ ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമിയും പ്രബുദ്ധകേരളം മാസിക പത്രാധിപരുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |