തൃശൂർ: ഐ.എൻ.ടി.യു.സി തൃശൂർ ജില്ലാ ജനറൽ കൗൺസിൽ യോഗത്തിൽ ഡി.സി.സി പ്രസിഡന്റിനെ ക്ഷണിക്കാത്തതിനെ തുടർന്ന് യോഗം ഉദ്ഘാടനം ചെയ്യാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മടങ്ങി. ഇന്നലെ രാവിലെ പത്തേകാലോടെ ഡി.സി.സി ഓഫീസിലെത്തിയ സതീശൻ ടൗൺ ഹാളിൽ 11ന് നടക്കേണ്ട യോഗത്തിലേക്ക് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിനെ ക്ഷണിച്ചിട്ടില്ലെന്ന് അറിഞ്ഞു. ഇക്കാര്യം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് ടാജറ്റിനോട് ക്ഷമാപണം നടത്തി യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം വരാൻ കൂട്ടാക്കിയില്ല. വി.ഡി.സതീശൻ വിട്ടുനിന്നതോടെ ആർ. ചന്ദ്രശേഖരനാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഡി.സി.സി പ്രസിഡന്റ് മൂക്കാതെ പഴുത്തതാണെന്ന് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന സുന്ദരൻ കുന്നത്തുള്ളി പരിഹസിച്ചു.
അതേസമയം, ഡി.സി.സി പ്രസിഡന്ററിയാതെ പോഷക സംഘടനകൾ പരിപാടികൾ നടത്തിയാൽ അത് സമാന്തര പരിപാടിയായേ കണക്കാക്കൂ എന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ നിലപാടാണത്. അത് മനസിലാക്കിയാകാം വി.ഡി.സതീശൻ പങ്കെടുക്കാതിരുന്നതെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |