അബുദാബി: ഓണലൈൻ പണമിടപാടുകളിലൂടെ പ്രവാസി മലയാളികൾക്ക് കനത്ത തുക നഷ്ടമായതായി പരാതി. ഓൺലൈനിലൂടെ ഫോൺ ബിൽ അടയ്ക്കുന്നതിനിടെയാണ് കൊല്ലം സ്വദേശിക്ക് പണം നഷ്ടമായത്. തിരുവനന്തപുരം സ്വദേശിയുടെ പേരിൽ ഓൺലൈനിൽ വ്യാജ പർച്ചേസ് ചെയ്തും പണം തട്ടി. രണ്ടുപേരുടെയും കയ്യിൽ നിന്ന് നഷ്ടമായത് 6.15 ലക്ഷം രൂപയാണ്(25,817 ദിർഹം).
യുഎഇയിലെ ടെലിഫോൺ സേവനദാതാവായ ഡുവിന്റെ ബിൽ 120 ദിർഹം അടയ്ക്കാൻ ശ്രമിക്കവേയാണ് അബുദാബിയിൽ സംരംഭകനായ കൊല്ലം ഓച്ചിറ സ്വദേശിക്ക് പണം നഷ്ടമായത്. ഗൂഗിളിൽ ഡുവിന്റെ വെബ്‌സൈറ്റ് സേർച്ച് ചെയ്ത് ലഭിച്ച ആദ്യ ലിങ്കിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് അതിൽ പറഞ്ഞപ്രകാരം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി. തുടർന്ന് ലഭിച്ച ഒടിപി ടൈപ്പ് ചെയ്തതോടെ ആദ്യം ഒരു ദിർഹവും പിന്നീട് 9817 ദിർഹവും നഷ്ടമാവുകയായിരുന്നു. ഉടൻ ബാങ്കിൽ പരാതി നൽകിയെങ്കിലും ഒടിപി നൽകിയതിനുശേഷമുള്ള ഇടപാടിന് ബാങ്ക് ഉത്തരവാദിയല്ലെന്നായിരുന്നു മറുപടി.
അതേസമയം, അൽ ഐനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് രണ്ടുതവണയായി 16,000 ദിർഹമാണ് തട്ടിയെടുത്തത്. ദുബായിൽ നിന്നാണ് തട്ടിപ്പുകാർ വ്യാജ പർച്ചേസ് നടത്തിയത്. പൊലീസിലും ബാങ്കിലും പരാതി നൽകി രണ്ടുമാസം പിന്നിട്ടിട്ടും പണം തിരികെ കിട്ടിയില്ലെന്ന് പ്രവാസി പറയുന്നു. നിരപരാധിത്വം തെളിയിച്ചിട്ടും ഗൂഗിൾപേ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ് ബാങ്ക് അധികൃതർ ശ്രമിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. തനിക്ക് ഗൂഗിൾപേ ഇല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |