ലഖ്‌നൗ: രണ്ട് വയസുകാരനെ പിതാവ് കീടനാശിനി നൽകി കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. മകൻ ലളിതാണ് (2) ആണ് മരിച്ചത്. പ്രതിയായ പിതാവ് രാജ് ബഹാദൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള തർക്കമാണ് കൊലപാതക കാരണം.
ഭാര്യയ്ക്ക് അവിഹിതത്തിലുണ്ടായ കുഞ്ഞാണെന്ന് സംശയിച്ചാണ് ഇയാൾ കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഭാര്യയുമായി വഴക്കിട്ട് വീടിന്റെ വാതിൽ അകത്തു നിന്ന് കുറ്റിയിട്ട ശേഷം രാജ് ബഹാദൂർ ടെറസിലേക്ക് കയറുകയും അവിടെ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. ഭാര്യ യമുനാവതി വരാന്തയിൽ നിന്ന് തുണി കഴുകുന്നതിനിടയിലാണ് ഇയാൾ കുഞ്ഞിനെ എടുത്ത് ടെറസിൽ കയറിയത്.
ഭീഷണി ഉയർത്തുന്നതിനിടയിൽ ഇയാൾ ടെറസിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കുട്ടിയെക്കൊണ്ട് നിർബന്ധിപ്പിച്ച് കുടിപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് കുട്ടിയെ മേൽക്കൂരയിൽ നിന്ന് റോഡിലേക്ക് എറിയുന്നത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ കഴുത്ത് ഒടിഞ്ഞു. കുടുംബവും പ്രദേശവാസികളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലളിതിനെ രക്ഷിക്കാനായില്ല.
മരണവാർത്ത അറിയിച്ച ശേഷം രാജ് ബഹാദൂർ വീണ്ടും ടെറസിലേക്ക് ഓടുകയും ഒരു കത്തി കൈയിൽ പിടിച്ച് ആരെങ്കിലും അടുത്തേക്ക് വന്നാൽ സ്വയം കുത്തിപരിക്കേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് വിവരം. സംഭവം അറിഞ്ഞ് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
ഏഴ് വർഷം മുമ്പാണ് രാജ് ബഹാദൂരും യമുനാവതിയും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് അങ്കുഷ്, ലളിത് എന്നീ രണ്ട് ആൺമക്കളായിരുന്നു. ബഹാദൂർ മദ്യത്തിന് അടിമയാണെന്നും ഒരു പ്രത്യേക സ്വഭാവക്കാരനാണെന്നും സഹോദരി ലക്ഷ്മി വെളിപ്പെടുത്തി. യമുനാവതിയെ എപ്പോഴും സംശയമാണെന്നും ലളിത് തന്റെ കുട്ടിയല്ലെന്ന് നിരന്തരം ആരോപിക്കുകയും ചെയ്തിരുന്നതായി സഹോദരി പറഞ്ഞു.
ഇതാദ്യമായല്ല രാജ് ബഹാദൂറിൽ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകുന്നത്. മുമ്പും ഇയാൾ യമുനാവതിയെ അരിവാൾ കൊണ്ട് ആക്രമിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ ടെറസിൽ കയറി ഇഷ്ടികകൾ എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വ്യാഴാഴ്ച രാജ് ബഹാദൂറിന് മദ്യത്തിന് പണം ലഭിക്കാത്തതിനെ തുടർന്നാണ് ഭാര്യയുമായി സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്. മൂന്ന് ദിവസം മുമ്പ് ഇയാൾ ഭാര്യയെ മാതൃ വീട്ടിൽ നിന്ന് തിരികെ വിളിച്ചിരുന്നു. വ്യാഴാഴ്ച വയലിൽ കീടനാശിനി തളിക്കാൻ പോയ ബഹാദൂർ ഭാര്യയോട് മദ്യം വാങ്ങാൻ പണം ചോദിച്ചപ്പോൾ പണം തരില്ലെന്ന് പറഞ്ഞതോടെയാണ് ദമ്പതികൾക്കിടയിൽ വഴക്ക് മൂർച്ഛിച്ചത്. സംഭവത്തിൽ പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |