രാമായണത്തിലൂടെ രാഷ്ട്ര, കുടുംബ, വ്യക്തിത്വ ഭരണഘടനയാണ് ആദികവി നമുക്ക് നൽകുന്നത്. സഹോദര സ്നേഹത്തിന്റെ നിഷ്കളങ്കവും ദൃഢതരവും മഹനീയവുമായ മാതൃക ലോകത്തിന് മുന്നിൽ വരച്ചുകാട്ടുകയാണ് ലക്ഷ്മണനെന്ന പാത്രസൃഷ്ടിക്കു പിന്നിലെ ലക്ഷ്യം. ജനനം മുതൽ മൂത്ത സഹോദരനോട് സീമാതീതമായ സ്നേഹവും വിധേയത്വവുമുള്ളവനാണ് ലക്ഷ്മണൻ. ഒരേ ഉദരത്തിൽ പിറന്നത് ലക്ഷ്‌മണ, ശത്രുഘ്നന്മാരാണ്. എന്നാൽ ലക്ഷ്മണന് രാമനുമായാണ് കൂടുതൽ അടുപ്പം. നിർവികാര സ്വരൂപമായ നിഴലാണ് ലക്ഷ്‌മണൻ. എന്നാൽ മറ്റൊരു സന്ദർഭത്തിൽ സ്വന്തം പിതാവിനെപ്പോലും തടവിലാക്കി, രാമൻ അധികാരമേറ്റെടുക്കണമെന്ന് വാദിക്കുമ്പോൾ, ലക്ഷ്മണൻ എരിയുന്ന കനലാകുന്നു.
അനീതിയെ ചോദ്യം ചെയ്യുന്ന ലക്ഷ്മണൻ രാമന്റെ പ്രവൃത്തികളെ എതിർക്കുന്നില്ല. സീതയോട് അഗ്നിശുദ്ധി തെളിയിക്കാൻ ആവശ്യപ്പെടുമ്പോഴും അപവാദ ശ്രവണാനന്തരം അവളെ വനത്തിൽ ഉപേക്ഷിക്കുമ്പോഴും ലക്ഷ്മണൻ നിസ്സംഗനും നിർവികാരനുമായ നിഴൽ തന്നെയാകുന്നു.
ഈ ലക്ഷ്മണനുമുണ്ട് ഒരു ഭാര്യയും കുടുംബവും. പക്ഷേ, രാമായണ കഥാകാരൻ നിഴലിന്റെ ആ നിഴലുകളെ കാട്ടിത്തരുന്നതേയില്ല. ഊർമ്മിളയെ വാല്മീകി നമ്മുടെ മുന്നിലെത്തിക്കുകയോ ഒന്നും പറയിക്കുകയോ ചെയ്യുന്നില്ല. സഹോദര ബന്ധത്തെ കൂടുതൽ വെളിവാക്കുകയെന്ന ലക്ഷ്യമാണ് അതിനു പിന്നിൽ. ലക്ഷ്‌മണനെ ബന്ധങ്ങൾക്കതീതമായി നിലനിറുത്തിയാലേ സോദരസ്നേഹത്തിന്റെ ഇഴപിരിക്കാനാവൂ എന്ന് കവിക്കറിയാം. ലക്ഷ്‌മണനെ മാത്രമല്ല, മറ്റ് രണ്ടു സഹോദരങ്ങളെയും നിഴലുകളാക്കുകയാണ് മഹർഷി ചെയ്തത്.
രാമന്റെ നിഴലായി എന്നും
രാമനും മറ്റെല്ലാറ്റിനെക്കാളുമധികം ലക്ഷ്മണനെയാണ് സ്നേഹിക്കുന്നത്. അതുകൊണ്ടാണല്ലോ ജന്മലക്ഷ്യം പൂർത്തിയാക്കി രാമനെ തിരികെ വിളിക്കാനെത്തുന്ന യമധർമ്മൻ തന്ത്രപൂർവം ദുർവാസാവിനെ പിമ്പേ അയച്ച് ലക്ഷ്മണനെക്കൊണ്ട് സത്യലംഘനം ചെയ്യിക്കുന്നത്. ലക്ഷ്മണൻ ജീവത്യാഗം ചെയ്താൽ രാമന്, പ്രപഞ്ചജീവിതം തന്നെ ദുസ്സഹമാകും. സീത അന്തർധാനം ചെയ്തതിനു ശേഷം പോലും രാമൻ വർഷങ്ങളോളം ഭരണം തുടരുന്നുണ്ട്. പക്ഷേ, ലക്ഷ്മണൻ മരിച്ചതിനുശേഷം രാമൻ പെട്ടെന്ന് ഇഹലോക ജീവിതം വെടിയാൻ തീരുമാനിക്കുകയാണ്. നായികയായ സീതയും പ്രതിനായകനായ രാവണനും ലക്ഷ്മണനെക്കാൾ ദീപ്‌തഭാവങ്ങളോടെ വായനക്കാരുടെ മനസ്സിൽ നിറയുമ്പോഴും ഈ നിഴൽ രാമനോടൊപ്പം ജനനം മുതൽ മരണം വരെ നിൽക്കുന്നു.
(ഗുരുവായൂർ പെരിയമ്പലം കൃഷ്ണാനന്ദ സിദ്ധ വേദാശ്രമം മഠാധിപതിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |