കോഴിക്കോട്: സുരക്ഷിതവും ആരോഗ്യകരവുമായ ആർത്തവകാലമെന്ന സ്ത്രീകളുടെ ആഗ്രഹത്തിന് മെൻസ്ട്രുവൽ കപ്പ് ആത്മവിശ്വാസം പകർന്നതോടെ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്. മേയ് മുതൽ ആഗസ്റ്റ് വരെയുള്ള നാലുമാസത്തിനിടെ 6400 മെൻസ്ട്രുവൽ കപ്പുകളാണ് കോർപ്പറേഷൻ സൗജന്യമായി നൽകിയത്. ഓരോ വാർഡുകളിലും 395 കപ്പുകളാണ് വിതരണം ചെയ്യുന്നത്. ഇതുപ്രകാരം 15 വാർഡുകളിൽ വിതരണം പൂർത്തിയായി. പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലെെഫ് കെയർ ലിമിറ്റഡിൽ നിന്ന് 1.77 കോടി ചെലവഴിച്ച് 59000 കപ്പുകളാണ് കോർപ്പറേഷൻ വാങ്ങിയത്. നഗരപരിധിയിലെ കുടുബശ്രീ അംഗങ്ങളാണ് ഗുണഭോക്താക്കൾ.
വിതരണം ഇങ്ങനെ
വാർഡുകളിലെ കുടുബശ്രീ എ.ഡി.എസ്- സി.ഡി.എസ് വഴിയാണ് കപ്പുകൾ സ്ത്രീകളിലേക്കെത്തുന്നത്. വിതരണ സമയങ്ങളിൽ ജെ.പി.എച്ച്.എൻ , എച്ച്.ഐ തുടങ്ങി ആരോഗ്യ പ്രവർത്തകരും കൂടെയുണ്ടാകും. കപ്പുകളുടെ ഉപയോഗം, സുരക്ഷ, തുടങ്ങി ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്. കപ്പുകൾ വിതരണം ചെയ്യാൻ പ്രത്യേക വാഹനവും സജ്ജമാണ്. സാനിറ്ററി പാഡുകളേക്കാൾ സുരക്ഷിതവും എളുപ്പം ഉപയോഗിക്കാവുന്നതുമായ കപ്പുകൾക്ക് സ്വീകാര്യതയേറി വരുന്നതായി കോർപ്പറേഷൻ ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.
അഞ്ചു വർഷം ഒരു കപ്പ്
എച്ച്.എൽ.എല്ലിന്റെ ഒരു മെൻസ്ട്രുവൽ കപ്പ് അഞ്ച് വർഷം വരെ ശുചിയാക്കി ഉപയോഗിക്കാം. മെഡിക്കൽ ഗ്രേഡ് സിലിക്കൺ മെറ്റീരിയലിൽ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. ഉപയോഗിച്ചതിനു ശേഷം തിളപ്പിച്ച വെള്ളത്തിൽ കപ്പുകൾ അണുവിമുക്തമാക്കുകയാണ് ചെയ്യുക.
പ്രത്യേകതകൾ
1. ആർത്തവ കാലത്ത് പാഡ് ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നതു മൂലമുള്ള അസ്വസ്ഥത, അണുബാധ ഒഴിവാക്കാം
2. തുടർച്ചയായി 12 മണിക്കർ വരെ ഉപയോഗിക്കാം
3. നീന്തൽ പോലുള്ള കായിക വ്യായാമം ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴും സുരക്ഷിതമായി ഉപയോഗിക്കാം
4.ചെലവ് കുറവ്
5.പ്രകൃതി സൗഹൃദം
വാങ്ങിയത്............59000 കപ്പുകകൾ
വിതരണം ചെയ്തത്......6400
ചെലവ്...............................1.77 കോടി
'' ഈ മാസം 15 വാർഡുകളിൽ കൂടി കപ്പുകൾ വിതരണം ചെയ്യും. സെപ്തംബറോടെ വിതരണം പൂർത്തിയാക്കും. ബന്ധപ്പെട്ട വിഭാഗത്തിലെ ഉദ്യോഗസ്ഥർ കൂടെക്കൂടെ മാറിയത് വിതരണം അൽപ്പം വെെകാനിടയാക്കിയിട്ടുണ്ട്''- ഡോ. മുനവർ റഹ്‌മാൻ,
കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ
ലക്ഷ്യം
നാപ്കിൻ രഹിത വാർഡുകളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മെൻസ്ട്രുവൽ കപ്പുകൾവിതരണം ചെയ്യുക വഴി നാപ്കിൻ മാലിന്യം കുറയ്ക്കാനും കാർബൺ എമിഷൻ കുറയ്ക്കാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |