തിരുവനന്തപുരം: വർഗീയ ശക്തികൾ ജാതിയും മതവും പറഞ്ഞ് ഇന്ത്യയെന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നുണ്ടെന്നും,അതിനെ ഒറ്റ മനസായി ചെറുത്ത്
തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമതാദി വേർതിരിവുകൾക്കെല്ലാം അതീതമായ മനുഷ്യമനസുകളുടെ ഒരുമയാണ് ഇന്ത്യയെന്ന വികാരത്തിന്റെ അടിത്തറയെന്നും
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം അദ്ദേഹം പറഞ്ഞു..
സ്വാതന്ത്ര്യത്തിന്റെ എട്ട് പതിറ്റാണ്ടിലേക്ക് കടക്കുന്നതിനിടെ ശാസ്ത്രസാങ്കേതിക രംഗത്തടക്കം പലമേഖലകളിലും നേട്ടമുണ്ടാക്കിയെങ്കിലും ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യങ്ങളുടെ മറ്റുള്ള തലങ്ങളെക്കുറിച്ച് വിസ്മരിച്ചു കൂടാ. ദാരിദ്ര്യം, പട്ടിണി മരണം, ബാലവേല, നിരക്ഷരർ, ജാതിവിവേചനം, മതവിദ്വേഷം, തൊഴിലില്ലായ്മ എന്നിവയില്ലാത്ത
ഒരിന്ത്യ യാഥാർത്ഥ്യമാക്കാനായിട്ടില്ല. അത് യാഥാർത്ഥ്യമാക്കാൻ പുനരർപ്പണം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ 9ന് ദേശീയ പതാക ഉയർത്തിയ ശേഷം സായുധസേന വിഭാഗങ്ങൾ, മറ്റ് വിഭാഗങ്ങൾ എന്നിവയുടെ പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. നെടുമങ്ങാട് അസി. പൊലീസ് സൂപ്രണ്ട് അച്യുത് അശോക്, അടൂർ കെ.എ.പി മൂന്നാം ബറ്റാലിയൻ എ.സി.പി എ.എസ്.സുമേഷ് എന്നിവർ പരേഡിന് നേതൃത്വം നൽകി. രാഷ്ട്രപതിയുടെ വിശിഷ്ടസേവ, സ്തുത്യർഹസേവ മെഡൽ നേടിയ പൊലീസ്, ഫയർ, ജയിൽ സർവീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി മെഡലുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മന്ത്രി ജി.ആർ.അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, കളക്ടർ അനുകുമാരി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജീപ്പ് കുതിച്ചു; മുന്നോട്ട്
ആഞ്ഞ് മുഖ്യമന്ത്രി
സായുധ സേനകളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡ് പരിശോധിക്കുന്നതിന് മുഖ്യമന്ത്രി കയറിയ തുറന്ന ജീപ്പ് ആദ്യമൊന്നു കുതിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ പ്രത്യേക പോഡിയത്തിൽ നിന്ന് മുഖ്യമന്ത്രി ജീപ്പിൽ കയറിയതിന് തൊട്ടു പിന്നാലെയാണ് സംഭവം. മുന്നോട്ടാഞ്ഞെങ്കിലും പിടിച്ചു നിന്നിരുന്നതിനാൽ കുഴപ്പമുണ്ടായില്ല. പിന്നീട് വളരെ സാവധാനം പൊലീസ് ഡ്രൈവർ സ്റ്റേഡിയം ചുറ്റി പരിശോധന പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |