ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും. കഴിഞ്ഞവർഷം മുൻനിരയിൽ ഇരിപ്പിടം നൽകാത്തതിലുള്ള നീരസത്താലാണ് രാഹുൽ വിട്ടുനിന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
വോട്ടർ പട്ടിക ക്രമക്കേടിൽ സർക്കാരിനെതിരെ പോരാട്ടം കടുപ്പിച്ചിരിക്കെയാണ് കോൺഗ്രസ് നേതാക്കൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്നത്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാക്കളാരും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ രാഹുലും ഖാർഗെയും പങ്കെടുക്കാത്തതിൽ ബി.ജെ.പി രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
ഇതൊരു ദേശീയ ആഘോഷമായിരുന്നെന്നും എന്നാൽ പാകിസ്ഥാനെ സ്നേഹിക്കുന്ന രാഹുൽ പങ്കെടുക്കാത്തത് നാണംകെട്ട പെരുമാറ്റമാണെന്നും ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല എക്സിൽ കുറിച്ചു. ഭരണഘടനയോടും സൈന്യത്തോടുമുള്ള ആദരവ് ഇങ്ങനെയാണോയെന്നും ചോദിച്ചു.
പ്രോട്ടോക്കോൾ പ്രകാരം പ്രതിപക്ഷ നേതാവിന് ലഭിക്കേണ്ട മുൻനിരയിലെ ഇരിപ്പിടം കഴിഞ്ഞ വർഷം രാഹുലിന് അനുവദിക്കാത്തത് വിവാദമായിരുന്നു. പിന്നിൽ നിന്ന് രണ്ടാമത്തെ നിരയിലാണ് രാഹുലിന് ഇരിപ്പിടമൊരുക്കിയത്. ഒളിമ്പിക്സ് താരങ്ങൾക്കായി നടത്തിയ ക്രമീകരണത്തെ തുടർന്നാണ് അങ്ങനെ സംഭവിച്ചതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ അന്നത്തെ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, എസ്. ജയശങ്കർ, അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവർ മുൻനിരയിലാണ് ഇരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |