ന്യൂഡൽഹി: ചെങ്കോട്ടയില സ്വാതന്ത്ര്യദിന പ്രസംഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സദസ്സിലെ വിദ്യാർത്ഥികൾക്കിടയിലേക്ക് ചെന്നത് അവരെ ആവേശഭരിതരാക്കി. എല്ലാവർക്കും ഹസ്തദാനം ചെയ്തു. കുശലനേഷണം നടത്തി. പൊതുജനങ്ങളുടെ ഗാലറിക്ക് സമീപം ചെന്ന് അഭിവാദ്യം ചെയ്യാനും മറന്നില്ല.
സൈന്യത്തിന്റെയും ഡൽഹി പൊലീസിന്റെയും ഗാർഡ് ഓഫ് ഓണറിനുശേഷമാണ് 79-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയത്. തുടർന്ന് ദേശീയഗാനവും 21 ഗൺ സല്യൂട്ടും. വ്യോമസേന ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി മിഗ്-17 ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു.
അഭിമാനത്തിന്റെ ഉത്സവമാണിതെന്നും സാങ്കേതികരംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ട സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
5000 അതിഥികളാണ് സാക്ഷ്യംവഹിക്കാനെത്തിയത്. കേന്ദ്ര മന്ത്രിമാർ, സൈനികർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, കായികതാരങ്ങൾ, വിവിധ മേഖലയിൽ നേട്ടം കൈവരിച്ച വ്യക്തികൾ, എൻ.സി.സി കേഡറ്റുകൾ, പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ, ഗ്രാമീണ ജീവിതത്തിൽ മുദ്ര ചാർത്തിയ സ്ത്രീകൾ തുടങ്ങിയവരാണ് സദസ്സിലുണ്ടായിരുന്നത്.
ഖൊ-ഖൊ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ പുരുഷ-വനിതാ ടീമംഗങ്ങളായ 30 താരങ്ങൾ പ്രത്യേക അതിഥികളായി പങ്കെടുത്തു. 28 സംസ്ഥാനങ്ങളിലേയുംകേന്ദ്രഭരണ പ്രദേശങ്ങളിലേയും 210 പഞ്ചായത്ത് പ്രതിനിധികൾ, രാജസ്ഥാനിലേയും മേഘാലയയിലേയും ഗ്രാമത്തലവൻമാർ എന്നിവർ സദസ്സിലുണ്ടായിരുന്നു. കാർഷിക മേഖലയിൽ ഡ്രോൺ പറത്താൻ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഡ്രോൺ-ദീദി പദ്ധതിയിലംഗങ്ങളായ ഗ്രാമീണ സ്ത്രീകളും സ്വയം സഹായ സംഘങ്ങളിൽ ഒരു ലക്ഷമോ അതിൽ കൂടുതലോ രൂപ വരുമാനം ആർജ്ജിച്ച ഉത്തർ പ്രദേശിൽ നിന്നുള്ള 14 സ്ത്രീകളും പങ്കെടുത്തു. ബീഹാറിലെ കർഷകരും ഡൽഹിയിലെ ശുചീകരണ തൊഴിലാളികളും ആഘോഷത്തിനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |