തൃശൂർ : വെള്ളിത്തിരയിൽ നായികാനായകന്മാർ മാറിക്കൊണ്ടേയിരുന്നു, സാങ്കേതിക വിദ്യകളും. പിന്നണിയിൽ ആ വെളിച്ചത്തെ അരനൂറ്റാണ്ടായി നിയന്ത്രിച്ച് ഓപറേറ്റർ പ്രഭാകരൻ നിത്യനായകനായി. 1971 ജൂൺ 18ന് തൃശൂരിൽ തിരശീല ഉയർന്ന രാമദാസ് തിയേറ്ററിന്റെ ആദ്യഷോ ഓപറേറ്ററായത് ഇരുപതാം വയസിൽ. ഇപ്പോൾ 75ൽ എത്തി നിൽക്കുന്നു.
നൂൺഷോ മുതൽ രാത്രി സെക്കൻഡ് ഷോ വരെ ഇപ്പോഴും പ്രഭാകരന്റെ കൈകളിൽ ഭദ്രം. എസ്.എസ്.എൽ.സി പഠനം കഴിഞ്ഞ് 17ാം വയസിലാണ് സിനിമ ഓപ്പറ്റേറ്റർ ജോലിയിൽ ഹരിശ്രീ കുറിക്കുന്നത്. വീടിനടുത്തുള്ള ഒല്ലൂർ ഡേവിസൺ തിയേറ്ററിൽ അസിസ്റ്റന്റ് ഓപ്പറേറ്ററായി തുടക്കം.
ശമ്പളം തുടക്കത്തിൽ മാസം 125 രൂപ. ദിനേന 1.25 പൈസ ബത്ത.
ആദ്യം കാർബൺ സംവിധാനമായിരുന്നു. ഇപ്പോൾ ഫോർ കെ ലേസറിലെത്തി. പുതിയ സാങ്കേതികവിദ്യകളെല്ലാം പ്രഭാകരൻ അനായാസമായി കൈകാര്യം ചെയ്യും. ആദ്യം പ്രദർശിപ്പിച്ചത് പുരാബ് ഔവർ പശ്ചീം എന്ന ഹിന്ദി സിനിമ. അതേവർഷം ആഗസ്റ്റ് ആറിനാണ് സത്യൻ നായകനായ, മമ്മൂട്ടി ചെറിയ റോളിൽ അഭിനയിച്ച അനുഭവങ്ങൾ പാളിച്ചകൾ തിയേറ്ററിലെത്തിയത്. ആയിരക്കണക്കിന് സിനിമകളാണ് പ്രഭാകരന്റെ കൈകളിലൂടെ അഭ്രപാളികളിൽ നിറഞ്ഞത്. ഒരിക്കൽ പോലും തന്റെ പിഴവിനാൽ സിനിമ നിറുത്തിവയ്‌ക്കേണ്ടി വന്നിട്ടില്ലെന്ന് പ്രഭാകരൻ പറഞ്ഞു. ബേബിയാണ് ഭാര്യ. മക്കൾ: സന്ധ്യ, സജീഷ്, രാജേഷ്.
ജയനും മമ്മൂട്ടിയും
സത്യൻ, ഷീല, നസീർ, ജയൻ, മധു, സോമൻ, സുകുമാരൻ, ജയഭാരതി, സീമ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ സ്റ്റാറുകൾ മുതൽ പുതുതലമുറയിലെ നായികാനായകന്മാർ വരെ വെള്ളിത്തിരയിൽ മാറിമറിയുന്നത് കണ്ടു. അഞ്ചു പതിറ്റാണ്ടിലേറെയായുള്ള തന്റെ കാലഘട്ടത്തിൽ നിരവധി ഹിറ്റ്ചിത്രങ്ങൾ കാണാനായി. ചട്ടമ്പിക്കല്യാണി, അവളുടെ രാവുകൾ, ഈ നാട്, ആരോമലുണ്ണി ,ഗോഡ്ഫാദർ, സി.ബി.ഐ ഡയറിക്കുറിപ്പ്, മുന്താണെ മുടിച്ച്, സകലകലാ വല്ലഭവൻ, രാവണ പ്രഭു, നരസിംഹം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് നല്ല കളക്ഷൻ ലഭിച്ചു. ജയൻ, മമ്മൂട്ടി, ഇന്നസെന്റ്, ജയറാം തുടങ്ങി നിരവധി നടന്മാർ ചിത്രം പ്രദർശിപ്പിക്കുന്ന വേളകളിലെത്തിയിരുന്നതായി പ്രഭാകരൻ ഓർക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |